ഒല്ലൂര്‍: ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തലയടിച്ചുവീണ് രക്തം വാര്‍ന്നൊഴുകിയ വിദ്യാര്‍ഥിനിയ്ക്ക് രക്ഷകരായി ഇരട്ട സഹോദരങ്ങളായ വിദ്യാര്‍ഥികള്‍. സഹോദരങ്ങളായ ദിയയും ജെനിലുമാണ് സ്‌കൂളിലും നാട്ടിലും അഭിമാനമായത്.
രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ കുരിയച്ചിറ സെന്ററിലെ സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ദിയയും ജെനിലും. സെയ്ന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ഈ സമയം പ്ലസ് വണ്‍ വിദ്യാര്‍ഥിനി തലചുറ്റി പിന്നിലേക്ക് വീണു. വീഴ്ചയില്‍ തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്നുകൊണ്ടിരുന്നു.
വിദ്യാര്‍ഥിനിയുടെ കൂടെ സഹപാഠികളും സ്റ്റോപ്പില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും അവര്‍ ഒന്നും ചെയ്യാനാകാതെ പകച്ചുനില്‍ക്കുകയായിരുന്നു. ഈ സമയം ദിയയും ജെനിലും ചേര്‍ന്ന് അതുവഴി വന്ന ഓട്ടോ കൈകാട്ടി നിര്‍ത്തി. പിന്നീട് ഇരുവരും അവിടെയുണ്ടായിരുന്ന മറ്റൊരാളും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റി ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്‌കൂളിലെ വാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സീലിയ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റി മരിയ എന്നിവര്‍ ദിയയ്ക്കും ജെനിലിനും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
തൈക്കാട്ടുശ്ശേരി ചെറുശ്ശേരി മുത്തിപ്പീടിക വീട്ടില്‍ ജെക്സിന്റെയും രേഷ്മയുടെയും മക്കളാണ് ദിയയും ജെനിലും. ഇരുവരും കുരിയച്ചിറ സെയ്ന്റ് പോള്‍സ് പബ്ലിക് സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളാണ്.
Discussion about this post