കുഴൽമന്ദം: തേങ്കുറിശ്ശിയിലെ ഹരിത മലയാള മണ്ണിന്റെ തോരാകണ്ണീർ ആണ്. 2020 ക്രിസ്മസ് ദിനത്തിലാണ് ഹരിത കേരളത്തിന്റെ നോവായി മാറിയത്. ദുരഭിമാനത്തിന്റെ പേരിൽ കേരളം തലകുനിച്ച നാൾ കൂടിയായിരുന്നു അത്. ഇപ്പോൾ ഈ സങ്കടത്തിന്റെ രണ്ടാണ്ട് തികയാൻ 25 ദിവസം ബാക്കിനിൽക്കെ ഹരിതയ്ക്ക് തുടർപഠനത്തിനായി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഹരിതയുടെ തുടർപഠനത്തിനായി 10 ലക്ഷം രൂപ അനുവദിച്ചതായി കെ.ഡി. പ്രസേനൻ എം.എൽ.എ. അറിയിച്ചു.
ഹരിതയുടെ (19) അച്ഛൻ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), ഭാര്യാ സഹോദരൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവരെ പോലീസ് അറസ്റ്റുചെയ്യുകയും ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം സമർപ്പിക്കയും ചെയ്തിരുന്നു. കേസിന്റെ വിചാരണനടപടി പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ പുരോഗമിക്കയാണ്. ഹൈക്കോടതിയിൽനിന്ന് ജാമ്യംനേടാൻ പ്രതികൾ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഈ വേളയിലാണ് ഹരിതയ്ക്ക് അനുകൂലമായി സർക്കാർ തീരുമാനം എത്തിയത്.
അനീഷിന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം അവരുടെ കൊച്ചുവീട്ടിൽത്തന്നെയാണ് ഹരിത ഇപ്പോൾ താമസിച്ചു വരുന്നത്. സ്വപ്‌നം കണ്ട ജീവിതം നശിപ്പിച്ചു കളഞ്ഞുവെങ്കിലും ഉറച്ച മനസോടെ മുൻപോട്ട് ജീവിക്കാനാണ് ഹരിതയുടെ തീരുമാനം. ആറുമുഖൻ കൂലിപ്പണിചെയ്താണ് കുടുംബം പോറ്റുന്നത്.
കൊടുവായൂർ മരിയൻകോളേജിൽനിന്ന് ഹരിത ഇപ്പോൾ ബി.ബി.എ. പൂർത്തിയാക്കി. ചില സംഘടനകൾ ഇടപെട്ട് ഫീസടയ്ക്കാൻ സഹായിച്ചിരുന്നു. മറ്റൊരുജാതിയിലുള്ള ഹരിതയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ, വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനാണ് അനീഷ്.