പാലക്കാട്: ഛത്തീസ്ഗഡില്‍ സൈനിക ക്യാംപിന് നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് നാടിന്റെ അന്ത്യാഞ്ജലി. 29ന് രാത്രി 12ഓടെയാണ് പാലക്കാട് ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗര്‍ ദാറുസലാം വീട്ടില്‍ മുഹമ്മദ് ഹക്കീം(35) മരിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശമെത്തിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളം വഴി എത്തിച്ച മുഹമ്മദ് ഹക്കീമിന്റെ ഭൗതിക ശരീരം സേനയുടെ അകമ്പടിയോടെ ആംബുലന്‍സില്‍ 30ന് രാത്രിയോടെ ധോണിയിലെ വീട്ടിലെത്തിച്ചു.
തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയന് എലൈറ്റ് യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു അന്തരിച്ച ഹക്കീം. 2000-03 കാലത്ത് സംസ്ഥാന ജൂനിയര്‍ ഹോക്കി ടീമില്‍ അംഗവുമായിരുന്നു.
സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തില്‍ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിനു നേരെ 29ന് വൈകിട്ടു അഞ്ചോടെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണമാണ് സൈനികന്റെ ജീവനെടുത്തത്.
ആക്രമണം സമയത്ത് ക്യാംപിന്റെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു മുഹമ്മദ് ഹക്കീം. അതേസമയം, സൈനികര്‍ തിരിച്ചടിച്ചതോടെ മാവോയിസ്റ്റ് സംഘം ജീപ്പില്‍ വനത്തിലേക്കു കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ഹക്കീമിനെ ജഗല്‍പൂരിലെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോയമ്പത്തൂരില്‍ നിന്നും വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച ഹക്കീമിന്റെ ഭൗതിക ശരീരം പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക് ഏറ്റുവാങ്ങി. എ പ്രഭാകരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വികെ ശ്രീകണ്ഠന് എംപി വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നു രാവിലെ 9 മുതല്‍ ഉമ്മിനി ഗവ.സ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു. മൃതദേഹം കബറടക്കം 11നു സൈനിക ബഹുമതികളോടെ ഉമ്മിനി ജുമാ മസ്ജിദില്‍. വിമുക്ത ഭടനായ സുലൈമാന്‍ ആണു പിതാവ്. മാതാവ്: റിട്ട. റെയില്‍വേ ജീവനക്കാരി നിലാവറുന്നീസ. ഭാര്യ: റംസീന. 4 വയസ്സുകാരി അഫ്സീന ഫാത്തിമ മകളാണ്. 2007ലാണു മുഹമ്മദ് ഹക്കീം സിആര്‍പിഎഫില്‍ ചേര്‍ന്നത്.
Discussion about this post