തിരുവനന്തപുരം: ജ്യൂസ് വിൽക്കുന്ന ചെറിയ പാക്കറ്റുകളിൽ മദ്യം വിൽക്കാനുള്ള ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം സർക്കാർ തള്ളി.”റ്റെട്രാ ‘ പാക്കറ്റിൽ മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി ചെയ്യണമെന്നു ആയിരുന്നു ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം. എന്നാൽ, ഇത്തരം പായ്ക്കറ്റുകളിൽ മദ്യം വിറ്റാൽ വിദ്യാർത്ഥികളെ മദ്യ ഉപയോഗത്തിലേക്ക് അത് ആകർഷിക്കും എന്നും സർക്കാർ വിലയിരുത്തി.
മാത്രമല്ല വ്യാജ മദ്യ നിർമ്മാണ ലോബികൾക്കും ഇത് പ്രോത്സാഹനമാകും. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ പായ്ക്കറ്റുകളിലാണ് സംസ്ഥാനത്ത് ജ്യൂസ് വിൽക്കുന്നത്. ഇതേ പായ്ക്കറ്റുകളിൽ മദ്യം വിൽക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് കണ്ടാണ് സർക്കാർ ആവശ്യം തള്ളിയത്. ഉപയോഗശേഷം വലിച്ചെറിയുന്ന പായ്ക്കറ്റുകൾ പൂർണമായും മണ്ണിൽ അലിഞ്ഞു ചേരില്ല.
ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നമായി മാറും. ഇതോടെയാണ് ആവശ്യം തള്ളിയത്. റ്റെട്ര പായ്ക്കറ്റുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകണമെന്ന് കഴിഞ്ഞ മാർച്ചിലാണ് ബിവറേജസ് കോർപ്പറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. 375 മില്ലി ലിറ്ററിന് താഴെ മദ്യം ഈ പായ്ക്കറ്റുകളിലൂടെ വിൽക്കാനായിരുന്നു ബിവറേജസ് കോർപ്പറേഷൻ നീക്കം. ഇതിന് അബ്കാരി നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.