കുന്നമംഗലം: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിന്റെ ഭാഗമായി കാരന്തൂർ മർകസ് ആർട്‌സ് കോളജ് ക്യാംപസിലും പരിസരത്തും കോളേജ് വിദ്യാർത്ഥികളുടെ വാഹനാഭ്യാസം. അപകടകരമായ അഭ്യാസ പ്രകടനത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ പതാകയുമേന്തി ബൈക്കുകളിലും കാറുകളിലുമായാണ് അഭ്യാസം നടത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്യാംപസിലെത്തി വാഹനങ്ങൾ തിരിച്ചറിയാൻ നടപടി തുടങ്ങി. 9 കാറുകളുടെയും 10 ബൈക്കുകളുടെയും ഉടമകൾക്കും വാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, വാഹനം ഓടിച്ചവരുടെ ലൈസൻസും വാഹനങ്ങളുടെ റജിസ്‌ട്രേഷനും റദ്ദ് ചെയ്യുമെന്നും ഉദ്യോഗ തിരിച്ചറിഞ്ഞ 2 കാറുടമകളോടു രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണു മർകസ് ആർട്‌സ് കോളജ് ഗ്രൗണ്ടിലും പരിസരത്തും ഒരു മണിക്കൂറോളം അഭ്യാസപ്രകടനങ്ങൾ നടന്നത്. കാറുകളുടെ വാതിലുകളിലും ഡിക്കിയിലും കയറി നിന്നുമായിരുന്നു അഭ്യാസങ്ങൾ.