കൊച്ചി: പുതുവത്സരത്തിന് കേരളത്തിലേക്ക് കുതിച്ചെത്തേണ്ട വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 65 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവത്സര ദിനത്തില്‍ വിദേശികള്‍ ഉത്സവമാക്കാറുള്ള കൊച്ചിയിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഇന്നലെ ആരവം പേരിനു മാത്രമായിരുന്നു. വിദേശികളുടെ തിരക്കൊഴിഞ്ഞ ഹോട്ടലുകളില്‍ നാട്ടുകാരായിരുന്നു കൂടുതലും.
പ്രളയാനന്തരം കേരളത്തില്‍ പകര്‍ച്ചവ്യാധി പടര്‍ന്നിരിക്കുകയാണെന്നു വിദേശങ്ങളില്‍ വ്യാപക പ്രചരണമുണ്ടായതാണു കാരണമെന്നു ടൂറിസം വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ ട്രാവല്‍ ഏജന്റുമാര്‍, ബ്ലോഗര്‍മാര്‍ എന്നിവര്‍ മുഖേന ടൂറിസം വകുപ്പ് നല്ല പ്രചരണം നടത്തിയെങ്കിലും ഫലംകണ്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തേക്കടിയിലും മൂന്നാറിലും 70 ശതമാനം ഇടിവുണ്ട്. മലയാളികളും കര്‍ണാടക, തമിഴ് നാട്ടുകാരാണു കൂടുതലും ഇവിടങ്ങളില്‍ എത്തിയിരിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ അവസര നഷ്ടം ഉണ്ടായെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതായി കെടിഡിസി മാര്‍ക്കറ്റിങ് വിഭാഗം പറഞ്ഞു. കെടിഡിസിയുടെ മറ്റു ഹോട്ടലുകളിലും കുറഞ്ഞ നിരക്കാണ്. ബുക്കിങ് കുറഞ്ഞതോടെ പരമാവധി ബിസിനസ് നാട്ടുകാര്‍ക്കു നല്‍കിയാണു നഷ്ടം നികത്തുന്നത്. കോവളത്തു സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും 60 ശതമാനത്തിനു മേല്‍ ഇടിവുണ്ടായി. ഇടത്തരം ഹോട്ടല്‍ മുറികളും ഒഴിഞ്ഞുകിടക്കുന്നു. പുതുവര്‍ഷം ആഘോഷിക്കാന്‍ അയല്‍സംസ്ഥാനക്കാര്‍ വന്‍ തോതില്‍ എത്താറുണ്ടെങ്കിലും ഇത്തവണ നാമമാത്രമാണു വരവ്. ക്രിസ്മസ് – ന്യൂഇയര്‍ അവധിക്കാലത്തു ശരാശരി പത്തു ലക്ഷത്തില്‍ പരം വിദേശസഞ്ചാരികളും ഒന്നരകോടി ആഭ്യന്തര സഞ്ചാരികളും കേരളത്തില്‍ വരുന്നുണ്ടെന്നാണു ടുറിസം വകുപ്പിന്റെ കണക്ക്.
വിദേശ സഞ്ചാരികള്‍ സാധാരണ നാലുമാസം മുമ്പുതന്നെ പോകേണ്ട ലൊക്കേഷന്‍ നിശ്ചയിച്ചിരിക്കും. ആ സമയം പ്രളയം വന്നതിനാലാണു സഞ്ചാരികള്‍ കേരളത്തെ ഒഴിവാക്കിയത്. ടൂറിസം പ്രമോഷനും ഫലപ്രദമായി നടന്നില്ല. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്ന നാടുകളോടുള്ള സഞ്ചാരികളുടെ പൊതുസമീപനം മാത്രമാണിതെന്നും അടുത്ത സീസണാകുമ്പോള്‍ മാറുമെന്നുമാണു ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നത്.