കൊല്ലം: ‘മുറ്റത്തെ തെങ്ങ് ചതിക്കില്ല’ എന്ന പഴഞ്ചൊല്ല് കിറുകൃത്യമാണെന്ന് കൊല്ലം മാറനാട് രാജിഭവനില്‍ ഗീവര്ഗീസും ഭാര്യയും ഉറപ്പിച്ച് പറയും. കാരണം ആ തെങ്ങ് കാരണമാണ് ഇരുവരും ഈ നിമിഷം ജീവനോടിരിക്കുന്നത്. കൊല്ലം മാറനാട് രാജിഭവനില്‍ ഗീവര്‍ഗീസിന്റെയും (63) ഭാര്യ പൊടിമോളും (62) അത്ഭുതകരമായാണ് മിന്നലില്‍ നിന്നും രക്ഷപ്പെട്ടത്.
മഴയില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി എത്തിയ ശക്തമായ ഇടിമിന്നലേറ്റു വീടിനു സമീപത്തെ 2 തെങ്ങുകള്‍ ഉള്‍പ്പെടെ 3 മരങ്ങള്‍ക്കും വീടിനും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും തങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ വയോധിക ദമ്പതികള്‍.
കഴിഞ്ഞ ദിവസം വൈകിട്ട് 7ന് ആയിരുന്നു വീടിനു ഇടിമിന്നലേറ്റത്. ഈ സമയം കുളിമുറിയില്‍ കുളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഗീവര്‍ഗീസ് പുറത്തേക്കു തെറിച്ചു വീണു. അടുക്കളയിലായിരുന്ന ഭാര്യയുടെ ഇടതു കൈക്ക് സാരമല്ലാത്ത പൊള്ളലുമേറ്റു. വലിയ ശബ്ദവും വല്ലാത്ത ഗന്ധവും ഉണ്ടായെങ്കിലും സംഭവിച്ചത് എന്താണെന്നു മനസ്സിലാക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു.
പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ വീടിനോടു ചേര്‍ന്നു നിന്ന വലിയ തെങ്ങിന്റെ മണ്ട നിലത്തു കിടക്കുന്നതാണ് കണ്ടത്. സമീപത്തെ മറ്റൊരു തെങ്ങ് പിരിച്ചൊടിച്ച നിലയില്‍ ആയിരുന്നു. ഒരു പുളിമരവും കരിഞ്ഞു. ഭിത്തികള്‍ക്കു വിള്ളലുണ്ടായി. വീട്ടിലെ വയറിങ് മുഴുവന്‍ കത്തിനശിക്കുകയും 5 ഫാനുകളും തകരാറിലാവുകയും ചെയ്തു. എന്നിട്ടും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് ഇരുവരും പറയുന്നു.
Discussion about this post