തിരുവനന്തപുരം:’ഹൃദയപൂര്‍വം’ പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോര്‍ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ ഹൃദ്യമായ അനുഭവം പങ്കിട്ട് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്.
പൊതിച്ചോര്‍ നല്‍കാമെന്ന് ഏറ്റിരുന്ന വീട്ടുകാര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടും പൊതിച്ചോര്‍ തയ്യാറാക്കി സിറ്റൗട്ടില്‍ വച്ച്, അത് കൊണ്ടുപോകണമെന്ന് ഗേറ്റില്‍ കുറിപ്പും വച്ച് പോയ അനുഭവമാണ് വികെ പ്രശാന്ത് പങ്കുവച്ചത്. പൊതിച്ചോര്‍ വിതരണം മുടങ്ങാതെ മുന്നോട്ട് പോകുന്നത് ഇങ്ങനെയുള്ള സുമനസുകളുടെ പിന്തുണ കൊണ്ടാണെന്നും ആളുകള്‍ കുറിക്കുന്നു.
‘ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് ഡി.വൈ.എഫ്.ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്.
‘പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിട്ടുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ്’.
ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്‍കുന്ന നാടാണ്… ഹൃദയാഭിവാദ്യങ്ങള്‍’