ഷഹ്ദാദിന്റെ സത്യസന്ധത: ബസ്സില്‍ അഞ്ചുരൂപയെന്ന് കരുതി നല്‍കിയ സ്വര്‍ണനാണയം അഞ്ചു മാസത്തിന് ശേഷം തിരികെ കിട്ടി

കോഴിക്കോട്: അഞ്ചുരൂപയുടെ നാണയമെന്ന് കരുതി ബസില്‍ ടിക്കറ്റിന് കൊടുത്ത
സ്വര്‍ണനാണയം അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഉടമയ്ക്ക് തിരിച്ചു കിട്ടി. കാവിലുമ്പാറ ആക്കല്‍ മുണ്ടിയോട്ട് തെങ്ങുംതറോല്‍ രാജീവനാണ് കുറ്റ്യാടി-തൊട്ടില്‍പാലം യാത്രക്കിടയില്‍ നഷ്ടമായ ഒരുപവന്‍ സ്വര്‍ണനാണയം തിരികെ ലഭിച്ചത്.

ഇതേ ബസില്‍ യാത്ര ചെയ്തിരുന്ന ഷഹ്ദാദ് എന്ന വിദ്യാര്‍ഥിയാണ് സത്യസന്ധതയുടെ മുഖമായി നാണയം തിരികെ നല്‍കിയത്. ഈവര്‍ഷം ജൂണ്‍ 19നാണ് രാജീവന് സ്വര്‍ണനാണയം നഷ്ടമായത്. മകളുടെ പഠനച്ചെലവിനായി കുറ്റ്യാടിയില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതായിരുന്നു സ്വര്‍ണ നാണയം.

എന്നാല്‍, വില്‍ക്കാതെ ഉച്ചക്കുശേഷം കോഴിക്കോട്-കുറ്റ്യാടി-തൊട്ടില്‍പാലം റൂട്ടിലോടുന്ന കെസിആര്‍ ബസില്‍ വീട്ടിലേക്ക് തിരിച്ചു. 13 രൂപ ടിക്കറ്റ് ചാര്‍ജായി അഞ്ച്, രണ്ട്, ഒന്ന് രൂപ നാണയത്തിനൊപ്പം സ്വര്‍ണനാണയവും കണ്ടക്ടര്‍ക്ക് നല്‍കുകയായിരുന്നു.

Read Also: ശബരിമലയില്‍ പോകാന്‍ പ്രവാസി ഭര്‍ത്താവ് നാട്ടിലെത്തി: കുഞ്ഞിനെ ഉപേക്ഷിച്ച് 29 കാരി 23 കാരനൊപ്പം ഒളിച്ചോടി

ബസിറങ്ങിയപ്പോഴാണ് സ്വര്‍ണനാണയം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ഉടന്‍ തൊട്ടില്‍പാലം സ്റ്റാന്‍ഡിലെത്തിയെങ്കിലും ബസ് പോയിരുന്നു. കണ്ടക്ടറുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ആ നാണയം മറ്റാര്‍ക്കോ ബാക്കി കൊടുത്തെന്നും പറഞ്ഞു. രാജീവന്റെ പരാതി പ്രകാരം കുറ്റ്യാടി പോലീസ് കേസെടുത്തിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

അതേബസ്സില്‍ കുറ്റ്യാടിയില്‍ നിന്ന് വളയത്തേക്ക് യാത്ര ചെയ്ത നാദാപുരം ഇയ്യങ്കോട് പരവന്‍കുന്ന് ഷഹ്ദാദ് കണ്ടക്ടര്‍ ബാക്കിയായി തന്നത് സ്വര്‍ണ നാണയമാണെന്നറിയാതെ വീട്ടിലെ സമ്പാദ്യപ്പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെട്ടി തുറന്നപ്പോഴാണ് അന്ന് തനിക്ക് കിട്ടിയത് സ്വര്‍ണനാണയമാണെന്ന് തിരിച്ചറിഞ്ഞത്.

പത്രവാര്‍ത്ത ഓര്‍മവന്ന കോഴിക്കോട്ട് ഏവിയേഷന്‍ എന്‍ജിനീയറിങ് കോഴ്‌സിന് പഠിക്കുന്ന ഷഹ്ദാദ്, പിതാവിനെയും കൂട്ടി കുറ്റ്യാടി സിഐയെ കണ്ട് വിവരം പറഞ്ഞു. തൊട്ടില്‍പാലം സ്റ്റേഷനിലെത്തിയ ഷഹ്ദാദ് സ്വര്‍ണനാണയം രാജീവന് കൈമാറി. സ്വര്‍ണം തിരിച്ചുകിട്ടുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെന്ന് രാജീവന്‍ പറഞ്ഞു.

Exit mobile version