കോഴിക്കോട് : ‘ബംഗളൂരുവിലെ ല ലഹരി മാഫിയ തലവന്റെ നിർദ്ദേശ പ്രകാരം എത്തിച്ചു നൽകുന്നത് മാത്രമാണ് എന്റെ ജോലി’ എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ മൊഴിയാണ് ഇത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച്, വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായാണ് വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ 22 കാരൻ ഗാലിദ് അബാദി പിടിയിലായത്.
കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്), സബ് ഇൻസ്പെക്ടർ കിരൺ ശശിധരൻ ന്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്നാണ് പിടികൂടിയത്. 5 ലക്ഷത്തോളം വില വരുന്ന എംഡിഎംഎ യാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.
പ്രതിയിൽ നിന്ന് പൗഡർ ടിൻ, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തു കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവി എ അക്ബർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് കണ്ടെടുത്തത്. ഇത് ആർക്കാണെന്ന് അറിയില്ലെന്നും മെസേജ് വഴി മാത്രമാണ് നിർദ്ദേശം ലഭിച്ചതെന്നും പ്രതി കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ നിന്ന് വാട്‌സ്ആപ്പും ഗൂഗിൾ പേയും വഴി ഓർഡർ സ്വീകരിച്ച് കാരിയർ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുനല്കുന്നതിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ അറസ്റ്റിലായതെന്ന് നാർകോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.