കോഴിക്കോട്: മൈക്കിന് പകരം മൂർഖൻ പാമ്പിനെ ഉപയോഗിചുള്ള പാമ്പ് പിടുത്തകാരൻ വാവ സുരേഷിന്റെ ക്ലാസ്സിനെതിരെ വ്യാപക വിമർശനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സർവീസ് ഡിപ്പാർട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ക്ലാസ്സ് എടുക്കാൻ ജീവനുള്ള പാമ്പിനെ എത്തിച്ചതാണ് ഏറെ വിമർശിക്കപ്പെടുന്നത്.
പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ ഉഉപയോഗിച്ചു എന്ന വിമർശനങ്ങളാണ് പുറത്ത് വരുന്നത്. മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർ?ഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയല്ലെന്ന് മറ്റു ചിലർ ആരോപിച്ചു.
നിയമവിരുദ്ധമായ കാര്യമാണ് വാവ സുരേഷ് ചെയ്യുന്നതെന്നും അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധ നേടിയ വ്യക്തിയാണ് ഇദ്ദേഹമെന്നും വിമർശനമുണ്ട്. നിരവധി തവണ പാമ്പിന്റെ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് വാവ സുരേഷ്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂർഖൻ പാമ്പ് കടിച്ചത്.
പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏറെ ദിവസത്തെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ശേഷം, പാമ്പ് പിടുത്തം അശാസ്ത്രീയ രീതിയിൽ ആണെന്ന് ആരോപിച്ച് പലരും പരസ്യമായി രംഗത്ത് വന്നിരുന്നു.