പീരുമേട്: കടയിലെ പണപ്പെട്ടിയിൽ നിന്ന് കൈയ്യിട്ട് വാരി പണം മോഷ്ടിക്കാൻ ശ്രമം നടത്തിയ പോലീസുകാരനെ കൈയോടെ പിടികൂടി കടയുടമ. കഴിഞ്ഞ ദിവസം പാമ്പനാർ മാർക്കറ്റ് റോഡിലെ കടയിലായിരുന്നു സംഭവം. കടയിലെ നിത്യസന്ദർശകനായ യുവ പൊലീസുകാരൻ സോഡാ നാരങ്ങാവെള്ളം ആവശ്യപ്പെട്ടു കടയുടമയുടെ ശ്രദ്ധ മാറ്റിയശേഷമാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയത്.
മുൻപു പല തവണ പോലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ ആണ് കടയുടമ ജാഗ്രത പാലിച്ചത്. ഒടുവിൽ പിടിക്കപ്പെട്ടതോടെ നഷ്ടപരിഹാരം നൽകിയും മാപ്പും പറഞ്ഞും രക്ഷപ്പെടാനും പോലീസുകാരൻ ശ്രമം നടത്തി. പോലീസ് അസോസിയേഷന്റെ ഭാരവാഹി കൂടിയാണ് ഈ പോലീസുകാരൻ. പെട്ടിയിൽ കയ്യിട്ട് 1,000 രൂപ എടുത്തതിനു പിന്നാലെയാണ് ഇയാളെ ഉടമ പിടികൂടിയത്.
ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തി. ഇതോടെ താൻ നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയായിരുന്നു. പരാതി നൽകാതിരിക്കാൻ 40,000 രൂപ വാഗ്ദാനം ചെയ്യുകയും 5,000 രൂപ ഉടനടി നൽകുകയും ചെയ്തു. ഇതിനിടെ ചില വ്യാപാരികൾ പീരുമേട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയെങ്കിലും ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് വഴിതുറന്നത്.
സമ്മർദം മുറുകിയതോടെ വ്യാപാരി തനിക്ക് പരാതി ഇല്ലെന്ന് അറിയിച്ചു. മുൻപ് നിരോധിത ലഹരി ഉൽപന്നങ്ങൾ ഈ കടയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഈ സംഘത്തിലെ പോലീസുകാരൻ കൂടിയായിരുന്നു ഇയാൾ. ഈ സാഹചര്യം സൗഹൃദത്തിലാക്കുകയും പിന്നീട് പണപ്പെട്ടിയിൽ നിന്ന് പണം കവരുകയുമായിരുന്നു.
Discussion about this post