തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഇനി ധൈര്യമായി രാവിലെ നടക്കാനിറങ്ങാം സുരക്ഷയൊരുക്കി പോലീസ് ഉണ്ട് കൂട്ടിന്. ഇരുട്ട് മായാതെ നേരം പുലര്‍ന്നുവരുന്ന സമയത്ത് ‘ഞരമ്പ് രോഗികളെ’ പേടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങാത്ത സ്ത്രീകള്‍ ഇനി പേടിക്കേണ്ട. നിങ്ങള്‍ക്ക് സുരക്ഷ ഒരുക്കി പോലീസും പ്രഭാത സവാരിക്കിറങ്ങുകയാണ്.
സാധാരണ ജനങ്ങള്‍ നടന്നു പോകുന്നപോലെ വനിതാ പോലീസും കൂട്ടത്തിലുണ്ടാവും. പക്ഷേ, യൂണിഫോമിലായിരിക്കില്ല. പരിസരം നിരീക്ഷിച്ചുകൊണ്ട് ബൈക്കിലും പോലീസ് റോന്തുചുറ്റും. ഇതിനുള്ള ആക്ഷന്‍ പ്ലാന്‍ പോലീസ് തയ്യാറാക്കിക്കഴിഞ്ഞു.
സ്ത്രീകള്‍ പതിവായി നടക്കുന്ന പാതകളിലാവും പോലീസിന്റെ സാന്നിദ്ധ്യം. പിങ്ക്, ഷാഡോ, ബീക്കണ്‍ പോലീസുകാരാണ് ദൗത്യം ഏറ്റെടുക്കുന്നത്. പുലര്‍ച്ചെ നാലു മുതല്‍ എട്ടുവരെയാണ് പ്രത്യേക സുരക്ഷ. തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കുന്ന പദ്ധതി വൈകാതെ സംസ്ഥാന വ്യാപകമാക്കും.
ബൈപ്പാസിലെ പാച്ചല്ലൂരില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറും വഞ്ചിയൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ആക്രമണത്തിന് ഇരയായതോടെയാണ് പ്രഭാത സവാരിക്കാര്‍ക്ക് സംരക്ഷണം നല്കാന് പോലീസ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്.
1 ജോഗിംഗ് നടത്തുന്നവര്‍ക്കൊപ്പം ഓടിയും നടന്നും അനുഗമിക്കുന്ന മഫ്തി പോലീസ് അക്രമിയെ ഓടിച്ചിട്ട് പിടിക്കും
2 ബൈക്കിലോ മറ്റോ കടന്നു കളയാന്‍ ശ്രമിച്ചാല്‍ ബൈക്ക് പട്രോളിംഗ് സംഘം പിന്തുടര്ന്ന് പിടിക്കും
3 ജീപ്പിലെ പട്രോളിംഗും വാഹന പരിശോധനയും രാവിലെ ശക്തമാക്കും
”സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച ഉണ്ടാവില്ല. പ്രഭാത സവാരിക്കാരായ സ്ത്രീകള്‍ക്ക് നിര്‍ഭയം പുറത്തിറങ്ങാവുന്ന സാഹചര്യമൊരുക്കും”
എന്ന് അഡിഷണല്‍ ഡി.ജി.പി കെ.പദ്മകുമാര്‍ പറഞ്ഞു.
Discussion about this post