തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ സ്റ്റേഷന് വളഞ്ഞു. സമരക്കാര്‍ രണ്ടു പോലീസ് ജീപ്പ് മറിച്ചിട്ടു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. ഗൂഢാലോചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും സഹായ മെത്രാന് ആര് ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്.
സംഘര്‍ഷ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്ക് എതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായും പോലീസ് കണക്കാക്കുന്നു.
സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന 1000 ത്തോളം പേരും കേസില്‍ പ്രതിയാണ്.
അതേസമയം സമരത്തോടുള്ള സര്‍ക്കാര്‍ സമീപനവും മാറുകയാണ്. അദാനി പറഞ്ഞ നഷ്ടക്കണക്ക് ലത്തീന്‍ സഭയില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് തുറമുഖ നിര്‍മ്മാണ കമ്പനി പറയുന്നത്. മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് പുതിയ നീക്കം.
ആവശ്യങ്ങളില്‍ ഒന്നിന് പോലും ന്യായമായ പരിഹാരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാല്‍ സമരം ശക്തമാക്കുമെന്നാണ് ഇന്ന് ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നത്. തീരദേശത്ത് സംഘര്‍ഷ സധ്യതയുള്ളതിനാല്‍ കരുതിയിരിക്കാന്‍ പോലീസിന് നിര്‍ദ്ദേശമുണ്ട്. അവധിയിലുള്ളവര്‍ തിരിച്ചെത്തണം.
അതേസമയം, വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്.
അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് വിഡി സതീശന് പ്രതികരിച്ചു.
Discussion about this post