സമൂഹം ഓരോ ദിവസം വളർന്നു കൊണ്ടിരിക്കുമ്പോഴും നിയന്ത്രണങ്ങൾക്കിടയിൽ മാത്രം ജീവിക്കേണ്ടവരാണ് സ്ത്രീകൾ എന്ന ഇടുങ്ങിയ ചിന്താഗതികൾക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. അതിന് തെളിവാണ് രാജ്യത്ത് നടക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീധനത്തിന്റെ പേരിലുള്ള മർദ്ദനങ്ങളും, നിയന്ത്രണങ്ങളാൽ ചുറ്റപ്പെട്ട് വീർപ്പ് മുട്ട് അനുഭവിക്കുന്ന നിരവധി സ്ത്രീകളാണ് ഇന്നും ഈ ലോകത്ത് ജീവിക്കുന്നത്.
അടുക്കളയിൽ മാത്രം ഒതുങ്ങി കൂടി, അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിച്ച് കഴിയുന്നവരും കുറവല്ല. ഇപ്പോൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്ന രാജ്യാന്തരദിനത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് വിഷ്ണു സന്തോഷ്. സ്ത്രീകൾ എന്തു ധരിക്കണമെന്നു പോലും സമൂഹം തീരുമാനിക്കുന്നതിലെ നീതികേട് തുറന്നു കാട്ടുന്നതാണ് ഈ ചിത്രങ്ങൾ. ‘വീണ്ടും വീണ്ടും അരുതുകൾ കൊണ്ട് അവളെ ദുർബലയെന്ന് അടയാളപ്പെടുത്തി. അക്രമങ്ങൾ മാത്രം അവളെത്തേടിയെത്തി.
അവകാശങ്ങളെന്തെന്നറിയാതെ, അഭിപ്രായങ്ങളും, അരുതുകളും കേട്ട്, അക്രമങ്ങൾക്ക് മാത്രം അവൾ വിധേയയായി.അരുതുകളിനി വേണ്ട, അഭിപ്രായങ്ങളും വേണ്ട. അവകാശങ്ങളെന്തെന്ന് അവൾക്കറിയാം. ഇനി അവൾ ജീവിക്കട്ടെ, സ്വതന്ത്രമായി, ധൈര്യമായി, ശക്തമായി, അരുതുകൾ കേൾക്കാതെ അവകാശങ്ങൾ തിരിച്ചറിഞ്ഞുയരട്ടെ!’ ചിത്രങ്ങൾ പങ്കുവെച്ച് കുറിക്കുന്നു. ഫോട്ടോഗ്രാഫിയും ആശയവും വിഷ്ണുവിന്റേതു തന്നെയാണ്. ഗ്രീഷ്മ ഗോപകുമാറാണ് മോഡൽ. വിവേക് പി. സേതു സ്റ്റൈലിങ് ചെയ്തിരിക്കുന്നു. സാറ സബിതയാണ് മേക്കപ്പ്. അഖിൽ എസ്. കിരൺ എഡിറ്റിങ്.
Discussion about this post