കൊട്ടാരക്കര: ‘ഫാൻ ഓഫാകും, കറന്റ് പോകും’ നടക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിച്ച് സന്ദേശം അയച്ച് കൊല്ലത്തെ വീട്ടുകാരെ കുഴപ്പത്തിലാക്കിയത് കൗമാരക്കാരന്റെ വിനോദമെന്ന് പോലീസ്. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളിയാണ് കാര്യത്തിലെത്തി നിൽക്കുന്നത്. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെയാണ് വീട്ടുകാർ പോലീസിനെ അറിയിച്ചത്.
വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു കൗമാരക്കാരൻ കളി തുടങ്ങിയത്. പിന്നീട് മൂന്ന് മാസക്കാലമാണ് കുട്ടി വീട്ടുകാരെ വട്ടം കറക്കിയത്. ‘ഇപ്പോൾ ഫാൻ ഓഫാകും, കറന്റ് പോകും’ എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു.
സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണു ഫാൻ ഓഫാക്കുകയും മറ്റും ചെയ്തിരുന്നത്. സൈബർ പോലീസ് നടത്തിയ പരിശോധനയിലാണു ഫോണിൽ ഇത്തരം ആപ്പുകൾ കണ്ടെത്തിയത്. പിന്നീട്, കുട്ടിക്കു കൗൺസലിങ് നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിനു പിന്നിൽ അസ്വാഭാവികതയില്ലെന്നു കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എസ്.പ്രശാന്ത് പറഞ്ഞു.