മലപ്പുറത്ത് അഞ്ചാംപനി വ്യാപനം രൂക്ഷം; കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍ എത്തും, രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് രോഗബാധ. ഇതുവരെ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

measles

മലപ്പുറം: മലപ്പുറത്തെ അഞ്ചാംപനി വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. മൂന്നു പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് രോഗബാധ. ഇതുവരെ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. തിരൂര്‍ മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് നടക്കുന്ന ജില്ല വികസന സമിതിയോഗം വാക്‌സീന്‍ വിതരണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം കൂടുതല്‍ വാക്‌സീനുകള്‍ ജില്ലയില്‍ എത്തിയിരുന്നു.

അതേസമയം, ലോകത്ത് അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് മഹാമാരിയോടെ അഞ്ചാംപനിയുടെ വാക്‌സിന്‍ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

also read: സ്വന്തം നാട് പോലെ പരിപാലിക്കും…! ലോകകപ്പ് ആവേശത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മാതൃകയായി ജപ്പാന്‍ ആരാധകര്‍; കളികഴിഞ്ഞ് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം പെറുക്കിമാറ്റി

കേരളം, ഗുജറാത്ത്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ അയക്കുകയും ചെയ്തിരുന്നു. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. രോഗവ്യാപനം നിരീക്ഷിക്കുന്നതിലും, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലും സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്ന രോഗമാണ് അഞ്ചാംപനി. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഇത് പകരാം.

2021-ല്‍മാത്രം ഏകദേശം 40 ദശലക്ഷം കുട്ടികള്‍ക്കാണ് അഞ്ചാംപനി വാക്‌സിന്‍ നഷ്ടമായത്. കൊവിഡ് വാക്‌സിനേഷന്‍ ത്വരിതമാക്കുന്നതിനിടയില്‍ പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലോകത്ത് എല്ലായിടത്തും തടസ്സപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version