തിരുവനന്തപുരം: തന്നെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന സോളര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനുവിനെതിരെയാണ് സരിതയുടെ പരാതി. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികില്‍സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണെന്നും സരിത പറഞ്ഞു.
രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.
എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു.
കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
Discussion about this post