കോഴിക്കോട്: ഫുട്ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള വിവാദ സന്ദേശത്തില്‍ കൂടുതല്‍ വിശദീകരണവുമായി സമസ്ത സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് മാത്രം നല്കിയ പ്രസ്താവനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് മാത്രമാണ് പ്രസംഗ നോട്ട് മാത്രമാണ് നല്‍കിയത്. സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ കളിയെ കാണുന്നതിന് പകരം ജ്വരമായി ബാധിച്ച് താരാരാധനയിലേക്കും ധൂര്‍ത്തിലേക്കും പോവുകയാണ്. അത് ഒഴിവാക്കേണ്ടതാണ്. ഇസ്ലാം മതത്തില്‍ എല്ലാകാര്യങ്ങള്‍ക്കും ഒരുപരിധിയുണ്ട്. അത് വിട്ട് സമ്പത്ത് ചെലവഴിക്കുന്നതിനെ ഇസ്ലാം അംഗീകരിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മദ്യത്തിനും ലൈംഗികതയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമാണ് ആതിഥ്യം വഹിക്കുന്ന ഖത്തര്‍. മതപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ഇഷ്ടപ്പെട്ട ടീമിനേയും താരങ്ങളേയും സ്നേഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ ചോയ്സ് ആണ്. അത് വഴിവിട്ട ആരാധനയിലേക്കും ലക്ഷക്കണക്കിന് തുക മുടക്കി, നഗരങ്ങളിലും കുഗ്രാമങ്ങളില്‍ പോലും വമ്പിച്ച കട്ടൗട്ടുകള്‍ ഉയര്‍ത്തി അതുമാത്രമായി കേന്ദ്രീകരിച്ചുള്ള ജീവിതരീതി ശരിയല്ലെന്നും നാസര്‍ ഫൈസി വിശദീകരിച്ചു.
എല്ലാദിവസവും അഞ്ചുനേരവും പള്ളികളില്‍ പ്രാര്‍ത്ഥന നടത്തേണ്ടതാണ്. പ്രാര്‍ത്ഥനാ സമയം പരിഗണിക്കാതെ അതിന് പോലും ഭംഗം വരുത്തുകയാണ് കളിയാരാധന. പ്രാര്‍ഥന തടയാത്ത രീതിയില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലാവണം ഇതിനെ കാണേണ്ടതെന്നും അമിതമായി സമ്പത്ത് ചെലവഴിക്കാതെ താത്പര്യങ്ങളെ ഹനിക്കാതെയാണ് മുന്നോട്ട് പോകേണ്ടതെന്ന ബോധവത്കരണം മാത്രമാണ് വിശ്വാസികളോട് നടത്തിയത്. അത് പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് മാത്രമാണ്. അല്ലാതെ ഒരു പ്രസ്താവനയോ ഇടപെടലോ ആയി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായി അധിനിവേശം നടത്തിയ രാജ്യമാണ് പോര്‍ച്ചുഗല്‍. അത്തരം രാജ്യങ്ങളെപ്പോലും വഴിവിട്ട രീതിയില്‍ ആരാധിക്കുകയും അവരുടെ താരങ്ങളെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിനപ്പുറത്ത് അനുകരിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല എന്നാണ് പറഞ്ഞത്. അത് പോര്‍ച്ചുഗല്‍ വിരുദ്ധതയോ അര്‍ജന്റീനയുടേയോ ഫ്രാന്സിന്റേയോ ഫാന്‍സ് ഒന്നുമായിട്ടല്ല. പോര്‍ച്ചുഗലിനെ ലക്ഷ്യംവെച്ച് മാത്രമല്ല. ആലങ്കാരികമായാണ് പോര്ച്ചുഗലിനെപ്പോലും പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
താരങ്ങളെ ആരാധിക്കുന്നത് ദൈവത്തെ ആരാധിക്കുന്ന പോലെ ആകരുത്. രാഷ്ട്രീയ നേതാക്കളേയും സിനിമാ താരങ്ങളേയും കായിക താരങ്ങളേയും ആരാധിക്കാന്‍ പാടില്ല. വിശ്വാസപരമായ പരിമിതിക്കുള്ളില്‍ നിന്ന് സ്നേഹിക്കാം. സ്വന്തം കുഞ്ഞിന്റെ പേരുപോലും മെസ്സിയുടെ കട്ടൗട്ടിന് മുന്നില്‍ വന്ന്, മെസ്സിയുടെ പ്രീതിക്ക് വേണ്ടി, മെസ്സി എന്ന് പേരിട്ടുകൊണ്ട് താരാരാധനയാവുന്നു.
പ്രസവിച്ച ഉടനെ കുഞ്ഞിനെ ടൗണിലെ ഏറ്റവും വലിയ കട്ടൗട്ടിന് മുന്നിലേക്ക് കൊണ്ടുവന്ന് മെസ്സിയുടെ പ്രീതി തേടിക്കൊണ്ട് പേരിടുന്നത് സുഖകരമായ രീതിയല്ല. ഉറക്കമൊഴിയരുത് എന്നത് ഇസ്ലാമികപരമായ കാര്യമാണ്. ശരീരത്തിന് ക്ഷീണം ഉണ്ടാവുകയും ആരാധനയ്ക്ക് മാത്രമല്ല, പഠനത്തേയും ബാധിക്കുന്നുണ്ട്. കളി കാണുന്നവര്‍ ശരീരത്തേയും ആരാധനയിലും ശ്രദ്ധിക്കണം. അതിനൊന്നും ഭംഗം വരരുതെന്ന് പറയാന്‍ വിശ്വാസിയെ സംബന്ധിച്ച് അധികാരമുണ്ട് എന്നുമാണ് നാസര്‍ ഫൈസിയുടെ വിശദീകരണം.
Discussion about this post