കൊച്ചി: ഇഷ്ട താരം ജയസൂര്യ തൊട്ടടുത്ത്, മൂര്‍ധാവില്‍ സ്‌നേഹ ചുംബനം ഏറ്റുവാങ്ങിയപ്പോള്‍ നൗഫലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങളോളം മനസ്സിലിട്ടു താലോലിച്ച അവന്റെ സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷമാണ്. വീല്‍ചെയറിലിരുന്ന ആരാധകന്റെ സ്വപ്‌നമാണ് ജയസൂര്യ സഫലമാക്കിയത്. തേവര സേക്രഡ് ഹാര്‍ട്ട് (എസ്എച്ച്) കോളജാണ് ആ ധന്യമൂഹൂര്‍ത്തത്തിന് വേദിയായത്.
സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്കു താഴേക്കു തളര്‍ന്നു പോയതോടെ വീല്‍ചെയറിലാണ് നൗഫലിന്റെ ജീവിതം. ജയസൂര്യയെ നേരിട്ടു കാണണമെന്ന നൗഫലിന്റെ തീവ്രമായ ആഗ്രഹം സഫലമായതു തേവര എസ്എച്ച് കോളജ് കൊമേഴ്‌സ് വകുപ്പിന്റെ ഇന്റര്‍ കൊളീജിയറ്റ് ഫെസ്റ്റ് ‘താണ്ഡവ് 2022’ന്റെ വേദിയിലാണ്.
അടുത്ത അധ്യയന വര്‍ഷം ഇഷ്ടമുള്ള കോഴ്‌സില്‍ പ്രവേശനം നല്‍കാമെന്ന വാഗ്ദാനം കോളജ് അധികൃതര്‍ മുന്നോട്ടു വച്ചതോടെ നൗഫലിന് പഠനവും തുടരാം.തല്‍ക്കാലം, ഡേറ്റ എന്‍ട്രി ജോലി ചെയ്തു വരുമാനം കണ്ടെത്താന്‍ കോളജിലെ ജേണലിസം വകുപ്പിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു വാങ്ങിയ ലാപ്‌ടോപ് കൂടി സമ്മാനിച്ചാണ് നൗഫലിനെ കോളജ് അധികൃതര്‍ യാത്രയാക്കിയത്.
കോളജിലെ മൂന്നാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയും മുന്‍പു നൗഫലിന്റെ സഹപാഠിയുമായിരുന്ന ത്രേസ്യ നിമില്‍ തന്റെ യുട്യൂബ് ചാനലിലിട്ട വീഡിയോയാണു നൗഫലിന് ഇഷ്ട നടനെ കാണാനുള്ള അവസരം ഒരുക്കിയത്. വീഡിയോ കണ്ട കോളജിലെ അധ്യാപകരില്‍ ഒരാള്‍ നടനെ ബന്ധപ്പെടുകയായിരുന്നു. പള്ളുരുത്തി തങ്ങള്‍പ്പടി സ്വദേശികളായ നാസറിന്റെയും നജ്മയുടെയും മകനാണ് നൗഫല്‍.