തിരുവനന്തപുരം: സഭാ തര്‍ക്ക വിഷയം രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കണ്‍വീനറായി വ്യവസായ മന്ത്രി ഇപി ജയരാജനെ നിയോഗിച്ചു. ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍ കുട്ടി, എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.
ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇരു സഭകളെയും ചേര്‍ത്ത് മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ ആഭിമുഖ്യത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് നിഷേധിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള തര്‍ക്ക പരിഹാരത്തിന് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചിരിക്കുന്നത്.