ശബരിമല: ശബരിമല സന്നിധാനത്ത് എന്തുകൊടുത്താലും കുടിച്ചുകൊള്ളും എന്ന ധാരണകളെ പൊളിച്ചടുക്കി ഡ്യൂട്ടി മജിസ്ട്രേട്ട് സജികുമാറും സംഘവും. ഒരു നാരങ്ങകൊണ്ട് അഞ്ച് നാരങ്ങാവെള്ളം വരെ ഉണ്ടാക്കി സ്വാമിമാരെ ചൂഷണംചെയ്ത കടക്കാരന് 5000 രൂപയാണ് പിഴയീടാക്കിയത്. അയ്യപ്പന്മാർക്കിടയിൽ നിന്ന് പരാതികൾ വ്യാപകമായ സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കടക്കാരൻ കുടുങ്ങിയത്.
സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവൻ ഹോട്ടൽ എന്നിവയിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. ജ്യൂസ് കടയിൽ അളവിലും ഗുണത്തിലും വിലയിലും തട്ടിപ്പുനടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 43 രൂപ വില നിശ്ചയിച്ച തണ്ണിമത്തൻ ജ്യൂസിന് 54 രൂപ വാങ്ങിയതായും കണ്ടെത്തി. വെട്ടിപ്പ് തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് മജിസ്ട്രേറ്റ് താക്കീത് നൽകുകയും ചെയ്തു.
ഇതിനെല്ലാം പുറമെ, ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതിന് പാണ്ടിത്താവളത്തിലെ ഹോട്ടലിനും പിഴയിട്ടു. രാവിലെ നടത്തിയ പരിശോധനയിൽ കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു. ഇവർക്ക് താക്കീത് നൽകുകയും ചെയ്തു. പിന്നെയും തട്ടിപ്പ് ആവർത്തിച്ചതോടെയാണ് വൻ തുക പിഴയീടാക്കിയത്. പമ്പയിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ആറ് സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ച് പിഴയീടാക്കി.
Discussion about this post