കണ്ണൂർ: അനാസ്ഥ മൂലം കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആകാമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. കണ്ണൂർ ഡെപ്യൂട്ടി ഡിഎംഒ ആണ് കുടുംബത്തിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയത്. കുട്ടിയുടെ കൈയിലേയ്ക്ക് രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് സാഹചര്യം ഗുരുതരമാക്കിയതെന്നാണ് റിപ്പോർട്ട്.
സമാന സാഹചര്യങ്ങളിൽ രക്തയോട്ടം നിലയ്ക്കുന്ന സ്ഥിതി സാധാരണമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന് സമർപ്പിച്ചു. ഡിഎച്ച്എസിൽ നിന്നുള്ള പ്രത്യേക സംഘം പരാതിയിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 17കാരൻ സുൽത്താന്റെ കൈ ആണ് മുറിച്ചു മാറ്റിയത്. സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുൽത്താനെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജുമോനെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. ഒക്ടോബർ 30 നാണ് ഫുട്ബോൾ കളിക്കിടെ വീണ് പരിക്കേറ്റ സുൽത്താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.