തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഉദ്ഘാടനവേളയിലാണ് ഇരുരും കണ്ടുമുട്ടിയത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം നാലുവരി ശ്ലോകവും കുറിച്ചിട്ടുണ്ട്. ‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകമാണ് സന്ദീപാനന്ദഗിരി പങ്കുവെച്ചത്. ഇതോടെയാണ്
ഇരുവരും തമ്മില്‍ ശ്ലോകങ്ങളുടെ യുദ്ധം തുടങ്ങിയത്.
‘സ്‌നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്‌നേഹം നീക്കിടുമോര്‍ക്ക നീ!’
സംസ്‌കൃത മാതൃകയില്‍ രചിക്കപ്പെട്ട ഈ ആദ്യകാലകൃതിയില്‍ ശത്രുവിനെ പ്രതികാരത്തിനു പകരം സ്‌നേഹംകൊണ്ടു ജയിക്കുന്നതാണ് ശ്ലോകത്തിന്റെ ഇതിവൃത്തം.
ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന സംശയിക്കുന്നയാളുടെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവരും സമൂഹമാധ്യമത്തിലൂടെ വാക്‌പോരുകള്‍ നടത്തിയിരുന്നു. പരസ്പരം ട്രോളികൊണ്ടായിരുന്നു സമൂഹമാധ്യമത്തിലെ ഇരുവരുടെയും പോര് നടന്നത്.
നാലര വര്‍ഷത്തിനു ശേഷമാണ് ആശ്രമം കത്തിച്ച കേസില്‍ പുതിയ വഴിത്തിരിവുണ്ടായത്. ഇതിനെ ‘ട്രോളിയ’ കെ.സുരേന്ദ്രന്‍, വന്ദനം സിനിമയില്‍ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നുു. ‘ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പോലീസ്’ എന്ന കുറിപ്പും നല്‍കിയിരുന്നു.
സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് വൈറലായതോടെ, വിഷയത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രനും രംഗത്തെത്തി. സെല്‍ഫി പങ്കുവെച്ചതിനൊപ്പം സന്ദീപാനന്ദഗിരി കുറിച്ച കവിതയാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.
‘ഒരു പൊതു ചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യമാണ്’- എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശങ്കരാചാര്യര്‍ രചിച്ച ഭജഗോവിന്ദത്തിലെ വരികളും സുരേന്ദ്രന്‍ പോസ്റ്റിനൊപ്പം ഉദ്ധരിച്ചിട്ടുണ്ട്.
ജഡിലോമുണ്ഡീ ലുഞ്ജിതകേശാ…..
ഉദരനിമിത്തം ബഹുകൃതവേഷം – ഇതായിരുന്നു കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.