കോട്ടയം: ബൈക്ക് അപകടത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ട മകനെ ചേർത്തുപിടിച്ച് വഴിയോര കാഴ്ചകളും കഥകൾ പറഞ്ഞ് കൊടുത്തും നടക്കുന്ന 61കാരൻ ഷിബു എന്ന പിതാവിന്റെ മുഖമാണ് ഇപ്പോൾ ഏവരുടെും കണ്ണുകളെ നിറയ്ക്കുന്നത്. 23 വയസുകാരൻ ഷിയാദിനാണ് പിതാവ് കണ്ണായി മാറിയത്. ദിവസവും 35കിലോമീറ്ററോളം നടന്നാണ് മകനെ ഈ പിതാവ് നെഞ്ചോട് ചേർത്ത് വെയ്ക്കുന്നത്. എട്ടുവർഷം മുൻപ് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഷിയാദിന്റെ ജീവിതം മാറി മറിഞ്ഞത്.
അപ്രതീക്ഷിതമായി ഉണ്ടായ ബൈക്കപകടത്തിൽ ഷിയാദിന് തലച്ചോറിനാണ് ഗുരുതരപരിക്കേറ്റത്. ഈ അപകടത്തിൽ കണ്ണിലേയ്ക്കുള്ള നാഡികൾ തകർന്നിരുന്നു. ഇതോടെ കാഴ്ച ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. പിന്നീട് നാല് വർഷക്കാലം ചികിത്സയും വിശ്രമവുമായി വീട്ടിൽ അടച്ചുമൂടി കഴിഞ്ഞുകൂടി. ഇരുട്ടും ആശങ്കയും ഷിയാദിന്റെ മാനസികനിലയെയും തകരാറിലാക്കി. ഇതിന് മാറ്റംവരാൻ ഡോക്ടർമാരുടെ നിർദേശമനുസരിച്ചാണ് അച്ഛൻ ഷിബു, മകനെ നടക്കാൻ കൊണ്ടുപോയത്.
നടക്കുമ്പോൾ വേച്ചുപോകുന്ന മകനെ, തന്നോട് ചേർത്തുനിർത്തി ഈ അച്ഛൻ ധൈര്യം പകർന്നു. അച്ഛനുള്ളിടത്തോളം കാലം വീണു പോകില്ലെന്ന വിശ്വാസം ഷിയാദിന്റെ മനസിലും ഉറച്ചു. കിലോമീറ്ററുകളോളം നടക്കുമ്പോഴും മടുപ്പ് ഇല്ലാതിരിക്കുമ്പോൾ പറയുന്ന കഥകളും വഴിയോരങ്ങളിൽ വരുന്ന മാറ്റങ്ങളും പിതാവ് പറഞ്ഞ് കേട്ടതോടെ നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചു തുടങ്ങി. നാലുവർഷംമുൻപ് തുടങ്ങിയ നടപ്പ് ഇന്ന് നീണ്ടൂർ, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്തുകളിലൂടെ തുടരുകയാണ്.
കൂലിപ്പണിക്കാരനായിരുന്നു ഷിബു. മകനുവേണ്ടി ജീവിതം മാറ്റിവെച്ചതോടെ ആ തൊഴിൽ ഉപേക്ഷിച്ചു. സാമ്പത്തികമായി കുടുംബം തകർന്നു. എങ്കിലും മകനെ ചേർത്ത് പിടിച്ചുള്ള നടത്തത്തിലൂടെ ഷിബു ജീവിതം വരുമാനം കണ്ടെത്തുവാൻ ലോട്ടറി വിൽപ്പനയും ആരംഭിച്ചു. കൃത്യസമയം പാലിച്ച് ഓടുന്ന വണ്ടിപോലെയാണ് ഈ യാത്ര. മാന്നാനം തെൻമല വീട്ടിൽനിന്ന് രാവിലെ ഏഴിന് തുടങ്ങും. ഓരോ കവലയിലും ദിവസവും കൃത്യസമയത്ത് എത്തും.
പതിവായി ലോട്ടറിയെടുക്കുന്നവർ, അവിടം കടന്നുപോകുന്നതിനുമുമ്പ് എത്തിയില്ലെങ്കിൽ ലോട്ടറി മിച്ചംവരും. ചികിത്സയ്ക്കും കുടുംബച്ചെലവിനും ലോട്ടറി വിറ്റുകിട്ടുന്ന വരുമാനമാണ് ആശ്രയം. ”ഒന്നും തികയില്ല. പക്ഷേ, മകനെ സമൂഹത്തിനൊപ്പമാക്കുന്നതിലപ്പുറം വലിയ സന്തോഷമില്ലല്ലോ” എന്ന് മാത്രമാണ് ഷിബു പറഞ്ഞത്. കാഴ്ചയില്ലെങ്കിലും നടക്കുമ്പോൾ അനുഭവപ്പെടുന്ന പേടിയെ മറികടക്കാൻ വെളിച്ചമായി അച്ഛൻ കൂടെ ഇല്ലേ എന്നാണ് മകൻ ഷിയാദും പറയുന്നത്.
Discussion about this post