തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തിലെ പൊതുപരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29-വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27-ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും.
എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പരീക്ഷാഫലം മേയ് 10-നുള്ളില്‍ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. പരീക്ഷാ തീയതിയും ഫലം പുറത്തുവരുന്ന തീയതിയുമടക്കം വളരെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
മാര്‍ച്ച് 10 മുതല്‍ 30വരെയാണ് ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെ മാതൃകാ പരീക്ഷകള്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25-നും ആരംഭിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണ്ണയം ആരംഭിച്ച് മെയ് 25-നകം ഫലം പ്രഖ്യാപിക്കും.
ALSO READ- വെള്ളം കുടി മുട്ടും…! പാലിനും മദ്യത്തിനും വില കൂട്ടി, വിദേശമദ്യത്തിന് നികുതി 251%
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 60,000-ത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 82 മൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് ഹയര്‍ സെക്കന്‍ഡറിയില്‍ ഉണ്ടാവുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ടു മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടാവും.
ഇത്തവണ നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. എഴുപത് മൂല്യനിര്‍ണ്ണയ ക്യാംപുകളുണ്ടാവും. ഒന്‍പതു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ എഴുതും.