തൃശൂർ: ചാലക്കുടി-മലക്കപ്പാറ റൂട്ടിൽ വീണ്ടും കബാലി എന്ന കാട്ടാനയുടെ ആക്രമണം. ഇത്തവണ കാട്ടാനയുടെ ഇരയായത് കെഎസ്ആർടിസി ബസ് ആണ്. യാത്രികരും ബസിലെ ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിൽ കാട്ടാനയുടെ ആക്രമണം നടന്നത്.
ബസിന് നേരെ പാഞ്ഞടുത്ത കബാലി കൊമ്പിൽ കുത്തി ബസ് മുകളിലേയ്ക്ക് ഉയർത്തി. പിന്നീട് ബസ് താഴെ വെയ്ക്കുകയായിരുന്നു. അതേസമയം, ബസിലെ യാത്രികർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂറോളമാണ് കബാലിയുടെ ആക്രമണം തുടർന്നത്. മുൾമുനയിൽ നിന്ന നിമിഷങ്ങളായിരുന്നു അതെന്ന് യാത്രികരും ജീവനക്കാരും പറയുന്നു. രാത്രി 8 മണിക്ക് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിയോടെയാണ് എത്തിയത്.
ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ സ്വകാര്യ ബസിന് നേരെയും ആക്രമണം നടന്നിരുന്നു. എന്നാൽ എട്ട് കിലോമീറ്ററോളം പുറകോട്ട് ഓടിച്ചാണ് കബാലിയുടെ ആക്രമണത്തിൽ നിന്നും ബസ് ജീവനക്കാരും യാത്രികരും രക്ഷപ്പെട്ടത്. അമ്പലപ്പാറ മുതൽ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷനെന്ന ഡ്രൈവറാണ്.