ഒരുവര്‍ഷം മുമ്പ് ജ്വല്ലറിയില്‍ മറന്നുവച്ചു: സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കി മാതൃകയായി ജ്വല്ലറി ഉടമ

കോഴിക്കോട്: ഒരുവര്‍ഷം മുമ്പ് ജ്വല്ലറിയില്‍ മറന്നുവച്ച സ്വര്‍ണ്ണം യഥാര്‍ഥ ഉടമയ്ക്ക് തിരിച്ചുനല്‍കി ജ്വല്ലറി ഉടമ. കോഴിക്കോട് മുക്കത്തെ ജ്വല്ലറിയില്‍ മറന്ന് വെച്ച സ്വര്‍ണ്ണമാണ് ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി ജ്വല്ലറിയില്‍ നിന്ന് തന്നെ തിരിച്ചു കിട്ടിയത്. മുക്കം ശ്രീ രാഗം ജ്വല്ലറി ഉടമ ഷാജി കെഎംസിടി മെഡിക്കല്‍ കോളജിലെ അധ്യാപക ദമ്പതികളായ ജയദേവും, ബ്രിജിറ്റയും മുക്കം ശ്രീരാഗം ജ്വല്ലറിയില്‍ മറന്നു വെച്ച സ്വര്‍ണമാണ് ബുധനാഴ്ച തിരിച്ചു ലഭിച്ചത്.

2021 നവംബറിലാണ് ജയദേവും ബ്രിജിറ്റയും മുക്കം ശ്രീരാഗം ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെത്തിയത്. പുതിയ സ്വര്‍ണ്ണം വാങ്ങി പോയെങ്കിലും കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണത്തില്‍ ചിലതു ജ്വല്ലറിയില്‍ മറന്നുവെച്ചു. ഏറെ നേരം കഴിഞ്ഞാണ് ജ്വല്ലറി ജീവനക്കാര്‍ക്ക് ഈ സ്വര്‍ണ്ണം ലഭിക്കുന്നത്. പക്ഷെ ആരുടേതാണെന്ന് മനസ്സിലായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ജ്വല്ലറി ഉടമ ഷാജി ഈ സ്വര്‍ണ്ണം സൂക്ഷിച്ചുവെച്ചു.


സ്വര്‍ണം നഷ്ടപ്പെട്ടവരാകട്ടെ എവിടെ വെച്ചാണ് സ്വര്‍ണം നഷ്ട്ടപ്പെട്ടതെന്നറിയാതെ പലയിടത്തും അന്വേഷിക്കുകയായിരുന്നു ഇതിനിടയില്‍. ഒരു വര്‍ഷത്തിനിപ്പുറം ബുധനാഴ്ച ദമ്പതികള്‍ വീണ്ടും സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറിയിലെത്തിയപ്പോള്‍ യാദൃശ്ചികമായി സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പറയുകയായിരുന്നു. അങ്ങനെയാണ് സ്വര്‍ണ്ണം ഇവര്‍ക്ക് തിരിച്ചു കിട്ടിയത്. വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് റഫീഖ് കക്കാട് അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ രണ്ടു വളകളും ഒരു ബ്രേസ്ലെറ്റും അടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ജ്വല്ലറി ഉടമ ദമ്പതികള്‍ക്ക് കൈമാറി.

Exit mobile version