കൊച്ചി: നിയമം കര്‍ശനമാക്കി ആര്‍ടിഒ പിടിമുറുക്കിയതോടെ എറണാകുളം ആര്‍ടിഒ പരിധിയില്‍ 10 മാസത്തിനിടെ ലൈസന്‍സ് തെറിച്ചത് 406 ഡ്രൈവര്‍മാര്‍ക്ക്. ഗതാഗത നിയമം ലംഘിച്ചതിനാണ് ഇവരുടെ ലൈസന്‍സ് സ്പെന്‍ഡ് ചെയ്തത്.
കൊച്ചി നഗരം ഉള്‍പ്പെടുന്ന എറണാകുളം ആര്‍ടി ഓഫീസിലെയും ഇതിനു കീഴില്‍ വരുന്ന അങ്കമാലി, പറവൂര്‍, ആലുവ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി എന്നി സബ് ആര്‍ടി ഓഫീസുകളിലെയും കണക്കാണിത്.
ഈ വര്‍ഷം തുടക്കം മുതല്‍ നവംബര്‍ 10 വരെയുള്ള കണക്ക് മാത്രമാണിത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും ചുവപ്പു സിഗ്നല്‍ തെറ്റിച്ചു പാഞ്ഞതിനും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിനുമാണ് ലൈസന്‍സുകള്‍ ഭൂരിപക്ഷത്തിനും നഷ്ടമായതെന്ന് എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന് പറഞ്ഞു.കൂടാതെ, ഗുരുതര പരുക്കിനോ ആളപായത്തിനോ ഇടയാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് തത്സമയം റദ്ദാക്കി.
ഇവര്‍ക്ക് മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ് ഈ കാലയളവില്‍ വ്യാപകമായ ഗതാഗത പരിശോധനയ്ക്ക് രംഗത്തുണ്ടായിരുന്നത്.
കൊച്ചിയിലെ ഗതാഗത കുരുക്കും അപകടവും തുടര്‍ക്കഥയാവുന്നതിനിടെയാണ് നഗരത്തിലും പരിസരത്തുമുള്ള ഗതാഗത തിരക്കേറിയ എല്ലാ റോഡുകളിലും പരിശോധന കര്‍ശനമാക്കിയത്. എല്ലാ ദിവസങ്ങളിലും പരിശോധന ഉണ്ടായിരുന്നു. നിരവധി ഇതര സംസ്ഥാന വാഹനങ്ങളും നിയമ ലംഘനത്തിനു പിടിയിലായെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post