പാറത്തോട്: വഴക്കിട്ട് സുഹൃത്തിനെ തല്ലാന്‍ ഓടിച്ചത് ഒന്‍പതാം ക്ലാസ്സുകാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ആ ഓട്ടത്തില്‍ അലോണ തോമസ് ഒടിക്കയറിയത് ജില്ലാ സ്‌ക്കൂള്‍ കായിക മേളയിലെ 3000 മീറ്റര്‍ മത്സരത്തിന്റെ ഒന്നാം സ്ഥാനത്തേക്കാണ്.
പണിക്കന്‍ കുടി സ്വദേശി അലോണ തോമസ് കായിക രംഗത്തേക്ക് എത്തിയതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. മൂന്നു മാസം മുമ്പാണ് സംഭവം. പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ഠരി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അലോണയെ ഇന്റര്‍വെല്‍ സമയത്ത് സഹപാഠിയായ ടോം മൈക്കിള്‍ കളിയാക്കി.
കളിയാക്കലില്‍ മനംനൊന്ത അലോണ ടോമിനെ വരാന്തയിലൂടെ ഓടിച്ചു. ശരം വിട്ടപോലെ പായുന്ന വേഗതയില്‍ ടോമിനെ അലോണ പിടികൂടി. സ്‌ക്കൂളിലെ കായിക അധ്യാപകനായ ജിജോ ജോസഫ് ഓഫീസിലിരുന്ന് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. പിന്നീട് സംഭവിച്ചത് കാലം കാത്തുവെച്ച സമ്മാനമാണ്.
അലോണയ്ക്ക് ഒരു മാസം കഠിന പരിശീലനം നല്‍കി. ജിജോയുടെ കണക്കു കൂട്ടല്‍ ശരിയാകുകയും ചെയ്തു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് അലോണ ഫിനിഷ് ചെയ്തത്. ആദ്യമായി മത്സരിക്കുന്നതിന്റെ സമ്മര്‍ദ്ദമൊന്നും അലോണക്കില്ലായിരുന്നു. 1500 മീറ്റര്‍ ഓട്ടത്തിലും, 400 മീറ്റര്‍ റിലേയിലും അലോണ മത്സരിക്കും.
ഓട്ടോ ഡ്രൈവറായ എം സി തോമസിന്റെയും ജോഷിയുടെയും മകളാന്ന് അലോണ. ബീനമോള്‍ സ്റ്റേഡിയത്തിലെ പരിമിത സൗകര്യങ്ങളിലാണ് പരിശീലനം. മികച്ച പരിശീലന സൗകര്യങ്ങള്‍ ലഭിച്ചാല്‍ അലോണക്ക് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിമെന്നാണ് അധ്യാപകന്‍ ജിജോ പ്രതീക്ഷിക്കുന്നത്.
Discussion about this post