ഓച്ചിറ: ഒന്നുമില്ലായ്മയുടെ കാലത്ത് ഭക്ഷണം പകര്‍ന്നു നല്‍കിയ ഭിക്ഷാടന കാലത്തെ ഉയര്‍ച്ചയുടെ കാലത്ത് മറക്കാതെ ഈ വീട്ടമ്മ. വറുതിയും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലത്ത് പട്ടിണിയിലായിരുന്നപ്പോഴൊക്കെ അമ്മ ഭിക്ഷാടനം നടത്തിയാണ് ജലജയെ ഊട്ടിയത്. ഇന്ന് പട്ടിണിയില്ലാത്ത ഒരു കാലം വന്നപ്പോള്‍ ഭിക്ഷാടകര്‍ക്ക് ഭക്ഷണം വിളമ്പി പഴയ കാലത്തോട് നന്ദി പറയുകയാണ് ഈ വീട്ടമ്മ. കൊല്ലം കല്ലുംതാഴം മണ്ണാനയ്യത്ത് കിഴക്കതില്‍ ജലജയാണ് തനിക്ക് കിട്ടുന്ന ചെറു സമ്പാദ്യങ്ങള്‍ കൂട്ടിവെച്ച് ഭിക്ഷാടകരെ ഊട്ടുന്നത്.
ഓച്ചിറ പടനിലത്താണ് ഭിക്ഷാടകര്‍ക്കായി അന്നദാനം നടത്തുന്നത്. ജലജയ്ക്ക് തൊഴിലുറപ്പാണ് ജോലി. ഈ ജോലിചെയ്ത് കിട്ടുന്ന പണമാണ് അന്നദാനത്തിനായി മാറ്റിവയ്ക്കുന്നത്. ജലജയുടെ അമ്മ ചെല്ലമ്മ അംഗപരിമിതയായിരുന്നു. ഓച്ചിറ ക്ഷേത്രപരിസരത്തെ അന്തേവാസിയായിരുന്നു. അമ്മ ഭിക്ഷയെടുത്തും അച്ഛന്‍ ശിവരാമനുമൊത്ത് പെട്ടിക്കട നടത്തിയുമാണ് ജലജയെ ഇവര്‍ വളര്‍ത്തിയത്.
അന്നത്തെ ചെറിയ പെട്ടിക്കടയിലെ ഭൂരിഭാഗം ഇടപാടുകാരും പടനിലത്തെ ഭിക്ഷാടകര്‍ തന്നെയായിരുന്നു. ജലജയുടെ കൂട്ടുകാരും സഹപാഠികളും എല്ലാം ഭിക്ഷകരുടെ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു കഷ്ടപ്പാടിന്റെ നീണ്ട നാളുകള്‍ക്കൊടുവില്‍ ആ കുടുംബം ഒരുവിധം രക്ഷപ്പെട്ടു.
ഇന്ന് ജലജയുടെ മൂന്നുമക്കളും കൊല്ലത്ത് ടയര്‍ കടകളും മറ്റും നടത്തി സ്വ.ം തൊഴില്‍ കണ്ടെത്തി നല്ലനിലയിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പത്തുവര്‍ഷമായി മുടങ്ങാതെ അവര്‍ വൃശ്ചികോത്സവനാളുകളില്‍ പടനിലത്ത് ഭജനംപാര്‍ക്കാന്‍ എത്തുന്നത് പതിവാണ്.
ഈ സമയത്താണ് ഭിക്ഷാടകര്‍ക്ക് നാലുനേരം തന്നാലാകുംവിധം ഭക്ഷണം പാകം ചെയ്തു നല്‍കുന്നത്. വൃശ്ചികോത്സവ നാളുകളില്‍ കുറഞ്ഞത് 25 പേര്‍ക്കുവീതം രാവിലെ ചായയും പതിനൊന്നുമണിക്ക് കഞ്ഞിയും ഉച്ചയ്ക്ക് ചോറും നല്‍കും. വൈകീട്ട് 25 കിലോഗ്രാം കപ്പ പുഴുങ്ങി വിതരണം ചെയ്യുകയാണ് പതിവ്.
ഇടസമയത്ത് 300 പേര്‍ക്ക് നാരങ്ങാവെള്ളവും കൊടുക്കുന്നുണ്ട്. ഇതെല്ലാം ഭിക്ഷാടകര്‍ ഇരിക്കുന്നിടത്ത് എത്തിച്ച് നല്‍കുകയാണ് പതിവ്. വീട്ടുചെലവുകള്‍ മക്കള്‍ നോക്കുന്നതിനാല്‍ തൊഴിലുറപ്പിലൂടെ ലഭിക്കുന്ന പണം സ്വരൂപിച്ചാണ് ഭക്ഷണച്ചെലവ് കണ്ടെത്തുന്നത് ജലജ പറയുന്നു.
തൊഴിലുറപ്പിലൂടെ ഒരുവര്‍ഷം ലഭിക്കുന്ന പണം ജലജ അശരണര്‍ക്കായി മാറ്റിവെക്കും. ഭക്ഷണവിതരണത്തിന് സഹായികളായി സ്വാമി ഹരിഹരാത്മാനന്ദ സരസ്വതി, സ്വാമി ശിവപ്രഭാകരാനന്ദ, ഗുരുവായൂര്‍ ക്ഷേത്രത്തിലെ സഹായികളായ ബാലു, സുരേഷ് എന്നിവരുമുണ്ട്.