കൊച്ചി: പിഞ്ചുകുഞ്ഞിനെ പൂവൻ കോഴി കൊത്തിപറിച്ച സംഭവത്തിൽ ഉടമയ്ക്കെതിരെ കേസ്. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് അമ്പരപ്പിക്കുന്ന സംഭവം. പൂവൻ കോഴിയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിന്നാലെയാണ് പോലീസിനെ സമീപിച്ചത്. കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 18 നാണ് സംഭവം. മഞ്ഞുമ്മലിൽ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദർശിക്കാൻ ആലുവയിൽനിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്നെയും ആക്രമിച്ചു. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കും കോഴി കുഞ്ഞിനെ കൊത്തി പറിച്ചിരുന്നു.
ഉടനടി കുഞ്ഞിനെ ഉടൻ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്ന നിർദേശത്തെ തുടർന്ന് അവിടെ അഡ്മിറ്റു ചെയ്തു. കൊത്ത് കാഴ്ചയെ ബാധിക്കാൻ ഇടയുണ്ടെന്നും ഡോക്ടർ പറഞ്ഞിരുന്നു. അഞ്ചു ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തത്. ഈ കോഴി മുൻപും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നിൽക്കുന്ന മുതിർന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ഈ വിവരം കോഴിയുടെ ഉടമയെ അറിയിക്കുകയും കൂട്ടിലിട്ടു വളർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് അവഗണിച്ചു കോഴിയ അഴിച്ചു വിട്ടതാണ് അപകടമുണ്ടാക്കിയതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
Discussion about this post