കമിതാക്കളുടെ അത്തരം ചേഷ്ടകള്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നു; കേസെടുക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

കൗമാരക്കാരും യുവതീയുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതല്‍ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികള്‍ ശല്യമാകുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.

കൊച്ചി: നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ പോലീസ് ആക്ട്‌നിയമപ്രകാരം സ്വമേധയാ കേസെടുക്കുമെന്ന് കളമശേരി പോലീസിന്റെ മുന്നറിയിപ്പ്. എച്ച്എംടിയിലെ കടകളിലും സമീപപ്രദേശങ്ങളിലും മറ്റും കമിതാക്കളുടെ പരസ്യമായ പ്രണയപ്രകടനങ്ങള്‍ ബുദ്ധിമുട്ടാകുന്നുവെന്നു നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.

എച്ച്എംടിയിലും പരിസരങ്ങളിലും ജോടികളായെത്തുന്ന കൗമാരക്കാരും യുവതീയുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതല്‍ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികള്‍ ശല്യമാകുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.

വൈകുന്നേരങ്ങളില്‍ വയോധികര്‍ക്കു വന്നിരിക്കാന്‍ പോളി ടെക്‌നിക്കിനു സമീപം റസിഡന്‍സ് അസോസിയേഷന്‍ ഒരു പാര്‍ക്ക് സ്ഥാപിച്ചിരുന്നു. അവിടവും ഇത്തരക്കാര്‍ താവളമാക്കിയതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാന്‍ പോലും പറ്റാതായെന്നും തുടര്‍ന്ന് അസോസിയേഷന്‍ തന്നെ പാര്‍ക്ക് ഇല്ലാതാക്കുകയായിരുന്നു.

also read; കാട്ടാന ഓടിച്ചു; ഭയന്ന് മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു!

ഇതിനിടെ ഒരു റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പാര്‍ക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കള്‍ കൈയ്യടക്കാന്‍ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികള്‍ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമാണെന്നാണ് പ്രദേശവാസികളുടെ പരാതി.

എച്ച്എംടി ജംക്ഷനു പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ എത്തുന്നവരില്‍ ഏറെയും ഇവരില്‍ പലരും യൂണിഫോമിലാണ് എന്നതിനാല്‍ തിരിച്ചറിയാമെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, നേരത്തേ ഇതേ സ്ഥലങ്ങളില്‍ ലഹരിമാഫിയ തമ്പടിച്ചിരുന്നെങ്കിലും പോലീസും നാട്ടുകാരും ഇടപെട്ടാണ് ഒതുക്കിയത്. പൊതുസ്ഥലത്തു സിഗരറ്റോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നവര്‍ക്കെതിരെ ചാണക വെള്ളം തളിക്കുമെന്നു പോസ്റ്റര്‍ പതിച്ചതു നേരത്തേ വാര്‍ത്തയായിരുന്നു.

Exit mobile version