ആലപ്പുഴ: ഓണവും വിഷുവുമൊക്ക ആഘോഷമാക്കാന്‍ കരുതി വച്ച പണം
നിര്‍ധനരായ കുഞ്ഞു മക്കള്‍ക്ക് സമ്മാനിച്ച് മാതൃകയായി നിധിന്‍. ആലപ്പുഴ കലക്ടര്‍ വിആര്‍ കൃഷ്ണ തേജ ഐഎഎസ് ആണ് കുഞ്ഞുമനസ്സിലെ വലിയ നന്മ ലോകത്തെ അറിയിച്ചത്.
കലക്ടര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച മനോഹരമായൊരു വീഡിയോയും ഹൃദയം തൊടുന്ന കുറിപ്പും ശ്രദ്ധനേടുകയാണ്. ഓണവും വിഷുവുമൊക്ക ആഘോഷമാക്കാന്‍ കരുതി വച്ച പണവുമായി തന്നെ കാണാനെത്തിയ നിധിനിന്റെ വീഡിയോയാണ് അദ്ദേഹം ഇത്തവണ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ഓഫീസില്‍ വെച്ച് പൊതുജനങ്ങളെ കാണുന്നതിനിടയിലാണ് കയ്യിലൊരു കവറുമായി ഒരു മോന്‍ എന്റെ അടുത്തേക്ക് വന്നത്. എന്തെങ്കിലും അപേക്ഷയാണെന്ന് കരുതിയാണ് ഞാനത് തുറന്നത്. എന്നാല്‍ ആ കവറില്‍ കുറച്ച് പണമായിരുന്നു ഉണ്ടായിരുന്നത്. ഇത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഇതെന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ മോന്‍ എന്നോട് പറഞ്ഞത് ഓണവും വിഷുവും ഒക്കെ അടിച്ച് പൊളിക്കാനായി സൂക്ഷിച്ച് വെച്ച പൈസയാണെന്നാണ്.
നിര്‍ധനരായ കുഞ്ഞു മക്കള്‍ക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നല്‍കാനായി സംസ്ഥാന സര്‍ക്കാരിന്റെ ബാലനിധി പദ്ധതിയിലേക്ക് സംഭാവന നല്‍കാനായാണ് മൂന്നാം ക്ലാസുകാരനായ ഈ മോന്‍ പണവുമായി എന്റെ അടുത്തേക്ക് വന്നത്. ചില അനുഭവങ്ങള്‍ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തില്‍ എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. നിധിന്‍ മോനും മാതാപിതാക്കള്‍ക്കും എന്റെ സ്നേഹാഭിനന്ദനങ്ങള്‍.