ബാലുശ്ശേരി: ചികിത്സയ്ക്കു വകയില്ലാതെ രോഗത്തോട് പോരാടിയ 3 യുവാക്കൾക്ക് വേണ്ടി കാരുണ്യ യാത്ര നടത്തി 45ഓളം സ്വകാര്യ ബസുകൾ. ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 45 ബസുകളാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഓട്ടം നടത്തിയത്. ടിക്കറ്റെടുത്ത് ബാക്കിത്തുക മടക്കിവാങ്ങാതെയും കൂടുതൽ പണം സംഭാവന നൽകിയും യാത്രക്കാരും ഈ ഉദ്യമത്തിൽ പങ്കാളിയായി.
വൃക്കകൾക്കു രോഗംബാധിച്ച ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആഷിഫിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാൽ നടത്താൻ കഴിയുന്നില്ല. തുടർച്ചയായുള്ള ഡയാലിസിസിനുതന്നെ വക കണ്ടെത്താൻ ഈ യുവാവിന്റെ കുടുംബം പെടാപ്പാടുപെടുകയാണ്. ചേളന്നൂർ സ്വദേശി പി.പി. ഷമീറും ഉണ്ണികുളം സ്വദേശി പി.കെ. സത്യനും ഗുരുതര കരൾരോഗത്തിന്റെ പിടിയിലാണ്.
കരൾമാറ്റ ശസ്ത്രക്രിയയാണ് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ഏക മാർഗമെന്നാണ് ഡോക്ടർമാർ പറയുന്നത്. രക്താർബുദം ബാധിച്ച മകനെ ഉള്ളതൊക്കെ വിറ്റുപെറുക്കി ചികിത്സിച്ചതിന്റെ സാമ്പത്തിക ബാധ്യതയ്ക്കുനടുവിലാണ് സത്യന് കരൾരോഗം പിടിപെട്ടത്.
മൂന്നുപേരുടെയും ചികിത്സയ്ക്കായി ഒരുകോടിയോളം രൂപയാണ് കണ്ടെത്തേണ്ടത്. ഇതോടെയാണ് സ്വകാര്യ ബസുടമകൾ രംഗത്ത് ഇറങ്ങിയത്. ഇരുനൂറോളം ട്രിപ്പുകളാണ് ദിവസം ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ബാലുശ്ശേരി എസ്.ഐ. കെ. റഫീഖും ജോ.ആർ.ടി.ഒ. രാജേഷും കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.