കാസര്‍കോട്: വണ്ടിയിടിച്ച് ഗുരുതരാവസ്ഥയില്‍ വഴിയില്‍ കിടന്ന പൂച്ചയെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നന്മ. കോട്ടച്ചേരി റെയില്‍വെ മേല്‍പാലത്തിന് മുകളിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പൂച്ചയ്ക്ക് അപകടം സംഭവിച്ചത്.
വേദന സഹിക്കവയ്യാതെ മ്യാവു മ്യാവു എന്ന് കരഞ്ഞു കൊണ്ട് നടക്കാനാവാതെ കിടക്കുന്ന മാര്‍ജാരനെ കണ്ടവരില്‍ ആരോ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സിവില്‍ ഡിഫന്‍സ് അംഗം അബ്ദുള്‍ സലാം സ്ഥലത്ത് എത്തി പൂച്ചയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
മാര്ജാരന് പല്ലും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി വന്ന ഒരു യുവതി കൂടി സഹായത്തിനെത്തിയതോടെ മാര്‍ജാരനെ പിടികൂടാനായി. ഒരു പെട്ടിയിലാക്കി സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അബുദുള്‍ സലാം, പ്രദീപ്കുമാര്‍, സുധീഷ് എന്നിവര്‍ ചേര്‍ന്ന് പുതിയ കോട്ടയിലെ മൃഗാശുപത്രിയിലെത്തിച്ചു.
ഇവിടുത്തെ ഡോക്ടര്‍മാരായ വെറ്റിനറി സര്ജന് കെ വസന്തകുമാര്‍, ബിജിന എന്നിവര്‍ ചേര്‍ന്ന് പ്രഥമ ശുശ്രുഷ ചെയ്യുന്നതിനിടെ പൂച്ച വീണ്ടും അക്രമകാരിയായി. കൈയില്‍ നിന്നും കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും ഏറെ ശ്രമകരമായി ഇതിനെ വീണ്ടും പിടികൂടി ചികിത്സ ആരംഭിച്ചു.
ആഴത്തില്‍ മുറിവേറ്റതിനാല്‍ വലതുകാലിന്റെ തൊലി പൂര്‍ണ്ണമായും പൊളിഞ്ഞ് മുകളിലേക്ക് കയറിയ അവസ്ഥയിലായിരുന്നു. സര്‍ജറി ചെയ്ത് തുന്നി ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. വേദന സംഹാരി കുത്തിവെച്ചതോടെ മാര്ജാരന് മര്യാദക്കാരനായി.
സര്‍ജര്‍മാരായ ഡോക്ടര്‍ എസ് ജിഷ്ണു, ഡോക്ടര്‍ ജി നിധിഷ് എന്നിവര്‍ പെരിയയില്‍ ആയതിനാല്‍ അവര്‍ എത്തിയ ശേഷമാണ്ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയത്. മയക്കത്തിനുള്ള മരുന്ന് കുത്തിവെച്ച ശേഷം വളരെ സുഷ്മതയോടെ വലതുകാലിലെ രോമങ്ങള്‍ വടിച്ചു മാറ്റിയ ശേഷമാണ് സര്‍ജറി നടത്തിയത്.
ഇരുപത്തിമൂന്നോളം തുന്നല്‍ ഇട്ടാണ് തൊലി പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലാക്കിയത്. ഒന്നേകാല്‍ മണിക്കുറിലധികം സമയം ചെലവഴിച്ചായിരുന്നു സര്‍ജറി നടത്തിയത്. ശേഷം പൂച്ചയെ തുടര്‍ പരിചരണത്തിനായി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
Discussion about this post