ഒരു ഭാഗം തളർന്നിട്ടും സ്റ്റിയറിംഗ് വിട്ടില്ല; 48 യാത്രികരും സുരക്ഷിതർ! ജീവൻ അപകടത്തിലായിട്ടും കർത്തവ്യം മറക്കാതെ കെഎസ്ആർടിസി ഡ്രൈവർ

KSRTC Driver | Bignewslive

തൃശ്ശൂര്‍: ഡ്രൈവിങ്ങിനിടെ പക്ഷാഘാതം അനുഭവപ്പെട്ട് ഒരു ഭാഗം തളര്‍ന്നിട്ടും തന്റെ കര്‍ത്തവ്യം മറക്കാതെ കെഎസ്ആര്‍ടിസി ഡ്രൈവര്‍. സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ബസിലെ 48 യാത്രികരെ സുരക്ഷിതമാക്കിയതിന് പിന്നാലെയാണ് സിഗീഷ് കുഴഞ്ഞ് വീണത്. റോഡരികില്‍ വണ്ടി നിര്‍ത്തിയത് കണ്ട് വന്ന് നോക്കിയപ്പോഴാണ് സിഗീഷിന്റെ നില യാത്രികരും കണ്ടക്ടറും അറിഞ്ഞത്.

തലാഖ് ചൊല്ലിയ ഭാര്യയ്ക്ക് 31 ലക്ഷം ജീവനാംശം നല്‍കണം: യുവാവിനോട് ഹൈക്കോടതി

ഉടൻ തന്നെ സിഗീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സിഗീഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം പദ്ധതി പ്രകാരം മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായിപ്പോയ ബസിലെ ഡ്രൈവറായിരുന്നു താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ സിഗീഷ്.

ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ താമരശ്ശേരിയിൽനിന്ന് പുറപ്പെട്ട ബസ് കുന്നംകുളത്തെത്തിയപ്പോഴാണ് ഡ്രൈവർക്ക് ശരീരം തളർന്ന് തുടങ്ങിയത്. ശരീരം പകുതിയോളം തളർന്നിട്ടും മനോധൈര്യം മുറുകെ പിടിച്ച് ബസ് റോഡരികിലേയ്ക്ക് ഒതുക്കി നിർത്തുകയായിരുന്നു. തൊട്ടുപിന്നാലെ സിഗീഷ് കുഴഞ്ഞു വീണു. ഇതിനുമുമ്പും സിഗീഷിന്റെ മനോധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ സിഗീഷ് ഓടിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസിന് മുകളിലേക്ക് മണ്ണും മരച്ചില്ലകളും വീണതിനെത്തുടർന്ന് ചില്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു. ഷീറ്റും മറ്റും ഉപയോഗിച്ച് പിന്നീട് ബസ് താത്കാലികമായി യാത്രായോഗ്യമാക്കിയതിനുശേഷമാണ് സിഗീഷ് യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്.

Exit mobile version