ചോറ്റാനിക്കര: ഇരുവൃക്കകളും പ്രവർത്തനരഹിതയായി ഡയാലിസിസിന്റെ സഹായത്തോടെ ജീവിക്കുന്ന 28കാരിയായ ആതിരയുടെ ദുരിത ജീവിതം കണ്ട് കൈകോർത്ത് അമ്പാടിമലയിലെ നാട്ടുകാർ. ആതിരയ്ക്ക് വൃക്ക മാറ്റിവെക്കാൻ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ചത് 10 ലക്ഷത്തോളം രൂപയാണ്. ഉടനടി ഈ തുക ആതിരയുടെ കുടുംബത്തിന് കൈമാറും. എം.സി. സുകുമാരന്റെയും ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമാണ് ആതിര എസ് കുമർ.
ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കു മുന്നിൽ ആതിരയും കുടുംബവും പകച്ചു നിന്നപ്പോഴാണ് നാട്ടുകാർ സഹായ ഹസ്തം നീട്ടി രംഗത്ത് വന്നത്. എത്രയും വേഗം ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ അമ്പാടിമലയിൽ പ്രവർത്തിക്കുന്ന മെത്രാൻ ബേബി ചാരിറ്റബിൾ ട്രസ്റ്റ് ഈ ഉദ്യമത്തിന് ഒരു കൈത്താങ്ങാകണമെന്ന തീരുമാനവുമായി മുന്നിട്ടിറങ്ങുകയായിരുന്നു.
ഒരു സാധാരണ പിരിവ് രീതി ലക്ഷ്യത്തിലേക്കെത്തില്ല എന്ന ബോധ്യമാണ് ബിരിയാണി ചലഞ്ച് നടത്താൻ ട്രസ്റ്റിനെ പ്രേരിപ്പിച്ചത്. ‘കാരുണ്യഹസ്തം 2022’ എന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തി. നാട്ടുകാരും കൈയഴിഞ്ഞ് സഹായം നൽകി. ഇതോടെ 10,10,471 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ 13-നായിരുന്നു ചലഞ്ച്. ഏകദേശം 300 വൊളന്റിയർമാരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.
തികച്ചും സൗജന്യമായി വിട്ടുനൽകിയ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കീഴിലുള്ള അമ്പാടിമല എം.ജി.എസ്. സ്കൂളിലെ ബി.എഡ്. കോളേജിലാണ് ബിരിയാണി ചലഞ്ച് നടന്നത്. 6,247 പാക്കറ്റ് ബിരിയാണിയാണ് പാചകം ചെയ്ത് വിതരണം ചെയ്തത്. നിരവധി പേർ സംഭാവന നൽകുകയും ചെയ്തു. ബാക്കി തുക ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ചികിത്സാ സഹായ നിധി കൺവീനർ ജോൺസൺ തോമസ് പറഞ്ഞു. ഇതിനുവേണ്ടി ചോറ്റാനിക്കര ബാങ്ക് ഓഫ് ബറോഡയിൽ സഹായങ്ങൾ സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: 626601000 14354, ഐ.എഫ്.എസ്.സി. -BARB0VJCHOT, ഗൂഗിൾ പേ നമ്പർ: 97460 64678.
Discussion about this post