കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ മൂന്നാംപ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനു ഡ്യൂട്ടിക്ക് എത്തി. പിന്നാലെ നിര്‍ബന്ധിത അവധി നല്‍കി തിരിച്ചയയ്ക്കുകയും ചെയ്തു.
പിആര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സുനുവിന് നേരെ ജനരോഷം ഉണ്ടാകാന്‍ സാദ്യതയുള്ളതിനാലാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്.
ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉള്‍പ്പെടെയുള്ളവ പരിഗണനയിലിരിക്കുകയാണ്. പിന്നാലെ ഇയാള്‍ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ എത്തി ചുമതലയേറ്റത് വ്യാപക വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും, പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.