കോഴിക്കോട്: ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ‘നല്ല സമയം’ത്തിന്റെ
ട്രെയിലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് വിവാദമായിരുന്നു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.
തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല വിഷയത്തില്‍ പ്രതികരിച്ചത്. നിരവധി പേരാണ് ഷക്കീലയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദകുട്ടി.
ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ലെന്ന് ശാരദക്കുട്ടി പറയുന്നു. സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേയെന്നും അവര്‍ ചോദിക്കുന്നു.
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട്, ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവര്‍ പറഞ്ഞു.
ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവര്‍ തകര്‍ന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകര്‍ന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാന്‍ പാടില്ല. അവര്‍ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും.
ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവര്‍ക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവര്‍ക്കൊപ്പം നില്‍ക്കാനും ആരുമുണ്ടാവില്ല. സില്‍ക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവര്‍ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?