പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ ഇര പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം പത്മയുടെ സ്വദേശമായ തമിഴ്നാട്ടിലെ ധര്‍മപുരിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും.
പൂര്‍ണമായ ഡിഎന്‍എ പരിശോധന ഫലം വന്ന ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഇലന്തൂരിലെ പുരയിടത്തില്‍ നിന്ന് കുഴിച്ചെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഇവരുടേത് തന്നെയാണെന്ന് തെളിയിക്കുന്ന ഡിഎന്‍എ ഫലം കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു.
ഫോറന്‍സിക് ലാബില്‍ നിന്നുളള റിപ്പോര്‍ട്ടില്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ പത്മയുടേതും റോസ്ലിയുടേതുമാണെന്ന് വ്യക്തമായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.
മൃതദേഹം വിട്ടുകിട്ടാന്‍ താമസിക്കുന്നതില്‍ പത്മയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചത്.
56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ ശരീരം വെട്ടിമുറിച്ചത്. ഇത് പോസ്റ്റ്മോര്‍ട്ടം നടപടികളെയും ഡിഎന്‍എ പരിശോധനയെയും സങ്കീര്‍ണമാക്കിയിരുന്നു. കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫിയും രണ്ടും മൂന്നും പ്രതികളായ ഭഗവല്‍സിങ്ങും, ലൈലയും ചേര്‍ന്നാണ് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇലന്തൂരിലുളള ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍.
Discussion about this post