കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയെന്ന സംഭവത്തില്‍ വിശദീകരണവുമായി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചെറിയ പരിപാടി ആയിരിക്കുമെന്നാണ് ഒമര്‍ ലുലു അറിയിച്ചത്.
നടി ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അവസാന നിമിഷം പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഹൈലറ്റ് മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ വിശദീകരിച്ചു. അതിഥികള്‍ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയെന്നത് ഉള്‍പ്പെടെ മുന്‍കൂട്ടി ചെയ്യേണ്ട ചില നടപടികള്‍ ഉണ്ടെന്നും തന്‍വീര്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച രാവിലെയാണ് സിനിമാ പ്രൊമോഷന്റെ കാര്യം പറഞ്ഞുകൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു വിളിക്കുന്നത്. ചെറിയ പരിപാടിയായിരിക്കുമെന്നാണ് അറിയിച്ചത്. സെലിബ്രിറ്റികളോ ഗസ്റ്റുകളോ ഉണ്ടാവില്ലെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. നടി ഷക്കീല ഉണ്ടാവുമെന്ന കാര്യം പറഞ്ഞിരുന്നില്ല. വൈകുന്നേരം 5.30 ന് ശേഷം ഇത് സംബന്ധിച്ച് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അപ്പോഴാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്. പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷം പല തവണ ഒമറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സെലിബ്രിറ്റി ലിസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് വേണ്ടിയായിരുന്നു വിളിച്ചത്. എന്നാല്‍ സ്റ്റുഡിയോയില്‍ മറ്റ് വര്‍ക്കുകളുടെ തിരക്കിലായിരുന്നു ഒമര്‍, തന്‍വീര്‍ പറഞ്ഞു.
Read Also:നാല് വര്‍ഷമായി ചായ കുടിച്ച കാശ് കൊടുത്തില്ല: ബിജെപി എംഎല്‍എയെ വഴിയില്‍ തടഞ്ഞ് ചായക്കടക്കാരന്‍
ഷക്കീലയെ മുഖ്യ അതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്തുന്നതിന് മാള്‍ അധികൃതര്‍ ആദ്യം സമ്മതം നല്‍കിയെന്നും പിന്നീട് സുരക്ഷാ കാരണങ്ങള്‍ ചുണ്ടികാട്ടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് സിനിമയുടെ ബന്ധപ്പെട്ട വൃത്തങ്ങള്‍ ആരോപിക്കുന്നത്.
അതേസമയം, ആ വാദം മാള്‍ തള്ളി. ‘സെലിബ്രിറ്റി ലിസ്റ്റ് കിട്ടിയ ശേഷമല്ല സാധാരണഗതിയില്‍ അനുമതി കൊടുക്കാറുള്ളത്. എന്നാല്‍ മാളില്‍ ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ചെയ്യേണ്ട ചില നടപടിക്രമങ്ങളുണ്ട്. പോലീസിനെ കാര്യം അറിയിക്കണം. സെലിബ്രിറ്റി പട്ടിക പോലീസിന് കൈമാറണം. ഒമര്‍ ലുലുവുമായി ഫോണില്‍ സംസാരിച്ചത് പ്രകാരം രണ്ട് പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടാണ് പോലീസിന് കത്ത് നല്‍കിയത്.
ഷക്കീല പങ്കെടുക്കുകയാണെങ്കില്‍ വലിയ ആള്‍ തിരക്ക് ഉണ്ടാവുമെന്ന ആലോചന ഞങ്ങള്‍ക്കുണ്ടായിരുന്നു. മുമ്പ് ഇത്തരത്തില്‍ താരങ്ങളെ വെച്ച് നടത്തിയ എല്ലാ പരിപാടികള്‍ക്കും വലിയ ആള്‍ത്തിരക്കുണ്ടായിരുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലാണ് ആളുകളുടെ പ്രതികരണം. നേരത്തെ നടത്തിയ സിനിമാ പ്രമോഷനില്‍ ഒരു നടി മോശം അനുഭവം നേരിട്ടിരുന്നു. അത് കൂടി പരിഗണിച്ചാണ് തീരുമാനം.’ തന്‍വീര്‍ പറഞ്ഞു.