ഇലന്തൂർ നരബലി, കൊല്ലപ്പെട്ടത് പത്മയും റോസ്‌ലിയും തന്നെ; മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും

കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് ഇരയായത് തമിഴ്‌നാട് സ്വദേശിനി പത്മയും കാലടിയിൽ താമസിച്ചുവന്നിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ ഇരുവരുടെയും തന്നെയെന്ന് ഉറപ്പിച്ചത്. ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കൈമാറുന്നതാണ്. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

ഇത് ചരിത്രത്തില്‍ ആദ്യം…! ഡിഫന്‍സ് സര്‍വ്വിസ് സ്റ്റാഫ് പരീക്ഷ വിജയിച്ച് ആറ് വനിത ഓഫിസര്‍മാര്‍

നിലവിൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇലന്തൂരിൽ വീടിന് സമീപത്ത് പലയിടങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു.

ഇത് ഉറപ്പിക്കാനായിരുന്നു പരിശോധനകൾ നടത്തി വന്നിരുന്നു. ഡി.എൻ.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇരയാക്കിയിട്ടില്ലെന്നും ഇതിലൂടെ വ്യക്തമായി. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എൻ.എ. പരിശോധനയ്ക്കയച്ചത്. എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് പ്രബുദ്ധ കേരളത്തെ നടുക്കിയ നരബലി പുറത്ത് വന്നത്.

ഈ അന്വേഷണം കാലടിയിലെ റോസ്‌ലിയിലേയ്ക്കും എത്തുകയായിരുന്നു. പത്തനംതിട്ട ഇലന്തൂരിൽ തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.

തിരുവല്ല എലന്തൂർ സ്വദേശി ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. ഷിഹാബ് എന്ന റഷീദിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.

Exit mobile version