കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാന് കലിയുഷ്നിയുടെ കാലില്‍ ചുംബിച്ചത് വിവാദമായതോടെ വിശദീകരിച്ച് ഫുട്ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍.
വിവാദങ്ങളെല്ലാം ഒരേതരം പ്രൊഫൈലുകളില്‍ നിന്നാണെന്ന് ഷൈജു ദാമോദരന്‍ പറഞ്ഞു. പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ള സംഘടിത ആക്രമണമാണ് തനിക്കെതിരെ നടക്കുന്നത്. കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ വിചാരിച്ചാല്‍ വാടികരിഞ്ഞുപോകുന്നയാളല്ല താന്‍ എന്നും ഷൈജു ദാമോദരന്‍ വ്യക്തമാക്കി.
കലിയൂഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജു ദാമോദര്‍ കാല് മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട് ചുംബിച്ചത്. ഇത് കേരളത്തിന്റെ മുഴുവന്‍ ചുംബനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഷൈജു ചുംബിച്ചത്. എന്നാല്‍ നോ എന്ന് പറഞ്ഞുകൊണ്ട് കലിയൂഷ്നി കാല് പിന്‍വലിക്കുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഞാന്‍ ഒരു മുന്നണിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതാണ്. ഒരു മലയാളിയോടും വിരോധവും ദേഷ്യവും ഇല്ല. എതിര് ചേരിയില്‍ നിന്ന് പുലഭ്യം പറയുന്നതിലൂടെ ആരെങ്കിലും സന്തുഷ്ടരാണെങ്കില്‍ അതിലും ഹാപ്പി. ഈ ജോലി ചെയ്യാന്‍ നിയുക്തനായിക്കുന്നിടത്തോളം ഇവിടെയുണ്ടാവും. ഇതെല്ലാം പാര്‍ട് ഓഫ് ദി ഗെയിം.’ എന്നാണ് ഷൈജു ദാമോദരന്റെ പ്രതികരണം.
വിസ്മയിപ്പിക്കുന്ന ഗോളുകള്‍ പിറന്ന ആ ഇടത് കാലിനോടുള്ള തന്റെ സ്നേഹവും ബഹുമാനവും ആയിരുന്നു ആ ചുംബനം. എന്തുകൊണ്ടാണ് മലയാളിക്ക് അതിനെ ആ തരത്തില്‍ കാണാനാകാത്തതെന്നും ഷൈജു ദാമോദര്‍ ചോദിച്ചു. ഫുട്ബോള്‍ മൈതാനമാണ് തന്റെ ആരാധനാ കേന്ദ്രമെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സാണ് ആരാധനാ വിഗ്രഹമെന്നും ഷൈജു വ്യക്തമാക്കി.
Discussion about this post