കൊച്ചി: ലേഡിസ് ഹോസ്റ്റലിലെ പ്രവേശന സമയം നീട്ടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ജസ്ല മാടശ്ശേരി.
സമരം ചെയ്യാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. രാത്രികാലങ്ങളില്‍ ക്യാമ്പസിനകത്ത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഈ സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്നും ജസ്ല ചോദിക്കുന്നു.
രാത്രി ഞങ്ങളുടേത് കൂടിയാണ് എന്ന് പറഞ്ഞ് ഇടതുപക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രി നടത്തം പരിപാടി പ്രഹസനമായിരുന്നുവെന്നും ജസ്ല അഭിപ്രായപ്പെട്ടു. തനിക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചാണ് ജസ്ല ഇക്കാര്യം പറഞ്ഞത്.
കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ മുമ്പിലും അവര്‍ക്ക് ചുറ്റുമായി കനത്ത് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. അതുകഴിഞ്ഞ് ഞങ്ങള്‍ മൂന്ന് പേര് പോലീസ് എസ്കോര്‍ട്ട് ഇല്ലാതെ എറണാകുളം നഗരത്തിലൂടെ രണ്ട് കിലോമീറ്റര്‍ നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. പോക്കറ്റില്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് വച്ചായിരുന്നു നടത്തം. രണ്ട് മണി മുതല്‍ മൂന്ന് മണിവരെ പെണ്‍കുട്ടികള്‍ റോഡിലൂടെ നടക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് നോക്കാന്‍ വേണ്ടിയായിരുന്നു അത്. മോശപ്പെട്ട് പെരുമാറുന്ന കുറേപേര്‍. കുട്ടികള്‍വരെ മോശം വര്‍ത്തമാനം പറയുന്ന സാഹചര്യമായിരുന്നെന്നും ജസ്ല പറഞ്ഞു.
കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളെജുകളില്‍ രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റല്‍ അടക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. കര്‍ഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്നിരിക്കെയാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണം.
Discussion about this post