കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പരുക്ക്.പെരുമ്പാവൂരിലാണ് സംഭവം. ഒക്കല്‍ എസ് എന്‍ എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഫര്‍ഹയാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടി ബസിന്റെ മുന്‍വാതില്‍ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. മഞ്ഞപ്പെട്ടയില് നിന്നാണ് പെണ്‍കുട്ടി ബസില്‍ കയറിയത്. ബസ് മുന്നോട്ട് എടുത്തപ്പോള്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.
അപകടത്തിന് കാരണമായത് ഡ്രൈവറുടെ അനാസ്ഥയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. തിരക്കേറിയ ബസിന്റെ ചവിട്ടുപടിയില്‍ നിന്നായിരുന്നു വിദ്യാര്‍ഥിനി യാത്ര ചെയ്തത്. വാതിലിന്റെ ലോക്ക് കൃത്യമായി വീഴാത്തതിനാല്‍ ശരിയായ രീതിയില്‍ അടച്ചിരുന്നില്ല.
തുടര്‍ന്ന് ബസ് മുന്നോട്ട് എടുത്തപ്പോള്‍ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പെരുമ്പാവൂര്‍- ആലുവ റോഡിലേക്ക് ആവശ്യമായ ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകടകരമാം വിധത്തില്‍ യാത്ര ചെയ്യേണ്ടി വരുന്നുവെന്നും കുടുംബം പറയുന്നു.
Discussion about this post