മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗൃഹാതുരത ഉയര്‍ത്തുന്ന ഒരുപിടി ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് അദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ദിവസേനെ ലക്ഷങ്ങളോളമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കുടുംബം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അറിയിച്ച് ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുകയാണ് സംവിധായകന്‍ ടികെ രാജീവ് കുമാര്‍.
അതീവഗുരുതരാവസ്ഥയയിലായ ബീയാര്‍ പ്രസാദിനെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ദിവസത്തെ ആശുപത്രി ചെലവ് ഏകദേശം ഒന്നരലക്ഷത്തോളമാണ്. ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താന്‍ സഹായിക്കണമെന്ന് രാജീവ് കുമാര്‍ അഭ്യര്‍ഥിച്ചു.
‘ബീയാര്‍ പ്രസാദ് എന്റെ അടുത്ത സുഹൃത്തും ഏവര്‍ക്കും പ്രിയപ്പെട്ട ഗാനരചയിതാവുമാണ്. രണ്ട് വര്‍ഷം മുന്‍പ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇതിനിടെ അദ്ദേഹം ഒരു നോവല്‍ എഴുതി. മറ്റൊരു നോവലിന്റെ പണിപ്പുരയിലുമായിരുന്നു. എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെടുമായിരുന്നു. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’
‘വിശദമായ പരിശോധനയില്‍ മസ്തിഷ്‌കാഘാതം ആണെന്നു കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. പഠനാവശ്യത്തിനായി മകള്‍ യൂറോപ്പിലാണ്. തികച്ചും സാധാരണഗതിയില്‍ ജീവിതം നയിക്കുന്ന ബീയാര്‍ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്ക് ചെലവാകുന്ന ഭാരിച്ച തുക കണ്ടെത്താന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്’- ടികെ രാജീവ് കുമാര്‍ പറയുന്നു.