ഓച്ചിറ: ചങ്ങൻകുളങ്ങര പോംപ്‌സി റെയിൽവേ ക്രോസിനും കൊറ്റമ്പള്ളി തഴക്കുഴി റെയിൽവേ ക്രോസിനും ഇടയിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി. കീ മാൻ തഴവ സ്വദേശി ശ്രീകുമാർ നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഇടപെടലിൽ ഒഴിവായതാകട്ടെ മഹാദുരന്തം. വിള്ളൽ കണ്ടെത്തിയപ്പോഴേയ്ക്കും ചെന്നൈ മെയിൽ 750 മീറ്റർ ദൂരെ വരെ എത്തി. ഇതോടെ ശ്രീകുമാർ അലറി വിളിച്ചു കൊണ്ട് ചുവന്ന കൊടി ഉയർത്തി വീശി പാളത്തിൽ കൂടി ഓടി.
ഓട്ടത്തിനിടയിൽ പാളത്തിൽ വീണെങ്കിലും വീണ്ടും എഴുന്നേറ്റ് ഓടിയാണ് ശ്രീകുമാർ വൻ ദുരന്തം ഒഴിവാക്കിയത്. കീ മാൻ ശ്രീകുമാറിനെ കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ തഴക്കുഴി ക്രോസിനു സമീപം നിർത്തി. പാളങ്ങൾ തമ്മിൽ വെൽഡ് ചെയ്തു ബന്ധിപ്പിച്ച ഭാഗം അകന്നു മാറി വശങ്ങളിലെ ഉരുക്ക് പ്ലേറ്റുകൾ അടർന്നു പോയതാണ് വിള്ളലിന് കാരണമായത്. പാളത്തിൽ ഏകദേശം 5 സെന്റിമീറ്ററോളം ഉരുക്ക് പ്ലേറ്റ് അകന്നു മാറിയിരുന്നു.
ശ്രീകുമാറിന്റെ സമയോചിത ഇടപെടലാണ് അപകടത്തിൽ നിന്ന് മാറാൻ തുണച്ചത്. ചെന്നൈ മെയിൽ അര മണിക്കൂറോളം നിർത്തിയിട്ട ശേഷം പാളത്തിലെ തകരാറ് ഭാഗികമായി പരിഹരിച്ച് വേഗം കുറച്ച് ട്രെയിനുകൾ കടത്തി വിട്ടു. വൈകിട്ട് 5 മണിയോടെ റെയിൽവേ മാവേലിക്കര സീനിയർ സെക്ഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ പരിശ്രമിച്ചാണ് പാളത്തിലെ തകരാറ് പൂർണമായി പരിഹരിച്ചത്. ശ്രീകുമാറിന്റെ രക്ഷാപ്രവർത്തനത്തെ നിരവധി പേർ അഭിനന്ദിച്ചു.