കൊച്ചി: സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ‘കരിക്ക്’ യുട്യൂബ് ചാനലിലെ വെബ്സീരിസിലൂടെ പ്രശസ്തനായ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. വടകര സ്വദേശിനിയായ ശിഖ മനോജാണ് വധു.
അര്‍ജുന്‍ ശിഖയ്ക്ക് മിന്നു ചാര്‍ത്തിയത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ‘പുതിയ തുടക്കം’ എന്ന കുറിപ്പോടെ താരം തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന്‍. ‘കരിക്കി’ല്‍ നടനായും തിരക്കഥാകൃത്തായും തിളങ്ങിയ അര്‍ജുന്‍ പിന്നീട് സംവിധാനത്തിലേക്കും കടന്നിരുന്നു. കരിക്കിലെ ‘കലക്കാച്ചി’ എന്ന സീരീസ് സംവിധാനം ചെയ്തത് അര്‍ജുനാണ്.
ഉണ്ണി മാത്യൂസിന്റെ സുഹൃത്തായ അര്‍ജുന്‍ ഈ വഴിയാണ് സീരിസിലെത്തിയത്. അര്‍ജുന്റെ ‘മാമനോടെന്നും തോന്നല്ലേ മക്കളേ’ എന്ന ഡയലോഗ് വൈറലായിരുന്നു. സീന്‍ ബ്രിട്ടോയെന്ന കഥാപാത്രവും ശ്രദ്ധ നേടി.
മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് എന്നീ സിനിമകളിലും വേഷമിട്ടു.