നെടുങ്കണ്ടം: നഴ്‌സിങ് കോളേജിലെ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കും കുടുംബത്തിനും അപമാനം. രണ്ടു ദിവസത്തിനകം ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസിനു പുറത്തു നിര്‍ത്തുമെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
സഹപാഠികളുടെ മുന്നില്‍ വച്ചായിരുന്നു നഴ്‌സിങ് കോളജിന്റെ അന്ത്യശാസനം. അതേസമയം, സാമ്പത്തിക പ്രതിസന്ധിയലാണെന്നും ഫീസടയ്ക്കാന്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ അമ്മയോട് ‘മകളെ പണമുണ്ടെങ്കില്‍ പഠിക്കാന്‍ വിട്ടാല്‍ മതിയെന്ന്’ ആയിരുന്നു കോളേജിന്റെ പരിഹാസം.
അതേസമയം, രണ്ടു ദിവസത്തിനകം 72,500 രൂപ സംഘടിപ്പിച്ച് മകളുടെ പഠനം സംരക്ഷിക്കാനായി നെട്ടോട്ടമോടുകയാണ് നെടുങ്കണ്ടം എസ്എംഇ നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും കുടുംബവും.
പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിനിയാണു വിദ്യാര്‍ത്ഥിനി. നിര്‍ധന കുടുംബാംഗമായ വിദ്യാര്‍ത്ഥിനിയുടെ പിതാവ് മേസ്തിരിപ്പണി ചെയ്യുകയാണ്. വാടകവീട്ടിലാണു താമസം. വിദ്യാഭ്യാസ വായ്പയെടുത്താണു പഠനം നടത്തുന്നത്.
എന്നാല്‍, 2 സെമസ്റ്ററുകളിലെ ഫീസ് കോളജില്‍ അടയ്ക്കാനുണ്ടെന്നും അടച്ചില്ലെങ്കില്‍ പരീക്ഷ എഴുതാനാവില്ലെന്നും വിദ്യാര്‍ത്ഥിനിയെ ബോധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് കേള്ജ് അധികൃതരുടെ വിശദീകരണം.